ആലുവ: പാടശേഖരത്തിൽ കെട്ടിയിട്ടിരുന്ന നാൽക്കാലി സൂര്യഘാതമേറ്റു ചത്തു. കീഴ്മാട് എടയപ്പുറം മനക്കത്താഴത്ത് ഷംസുവിന്റെ ഉടമസ്ഥതയിലുള്ള മൂന്നു വയസ് പ്രായമുള്ള കാളയെയാണ് ഇന്നലെ ഉച്ചയോടെ ചത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ 10ന് കാളയ്ക്ക് വെള്ളം കൊടുക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നു ഷംസു പറയുന്നു.
കീഴ്മാട് പഞ്ചായത്ത് വെറ്ററിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് കാളയെ കുഴിച്ചിട്ടത്. സൂര്യാഘാതമാണ് കാള ചത്തതിനു കാരണമെന്നു ഡോക്ടർ പറഞ്ഞു. വർഷങ്ങളായി നാൽക്കാലികളെ വളർത്തി കുടുംബം പുലർത്തുന്നയാളാണ് ഷംസു. എറണാകുളം ജില്ലയിൽ ആദ്യമായിട്ടാണ് സൂര്യാഘാതമേറ്റ് നാൽകാലി ചത്ത സംഭവം റിപ്പോർട്ട് ചെയ്യുന്നത്.