വൈപ്പിൻ: അമ്മക്കൊപ്പം ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ 45 കാരനെ കാണ്മാനില്ലെന്ന് പരാതി. എളങ്കുന്നപ്പുഴ 15-ാം വാർഡിൽ അഴീക്കക്കടവിൽ പരേതനായ ശശിയുടെ മകൻ സജു(45)വിനെയാണ് കാണാതായത്. കഴിഞ്ഞ 16ന് ചികിത്സയ്ക്കായി അമ്മ വള്ളിയമ്മയ്ക്കൊപ്പം പോയതാണ്.
എന്നാൽ ഡോക്ടറുടെ പരിശോധനയിൽ കാര്യമായ രോഗമൊന്നും കാണാഞ്ഞതിനാൽ അഡ്മിറ്റ് ചെയ്തില്ല. എന്നാൽ അമ്മയും മകനും തിരിച്ചുപോരാതെ അന്ന് ആശുപത്രി വരാന്തയിൽ തങ്ങി. അടുത്തദിവസം വള്ളിയമ്മ മാത്രം വീട്ടിലേക്ക് തിരികെ പോന്നു.
രണ്ടുദിവസം കഴിഞ്ഞും സജുവിനെ കാണാതായപ്പോൾ ആശുപത്രിയിൽ ബന്ധുക്കൾ അന്വേഷിച്ച് ചെന്നെങ്കിലും സജുവിനെ കണ്ടെത്തിയില്ല. ഇയാൾ കിടന്നിരുന്ന ഭാഗത്ത് ഇയാളുടെ ചെറുപ്പും ബിഗ്ഷോപ്പറും ഷീറ്റും മാത്രം കണ്ടെത്തി. ഇതേത്തുടർന്ന് ബന്ധുക്കൾ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി. പോലീസ് തെരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല.