തൃശൂർ: ക്ഷീരകർഷകർക്കു നേട്ടം ഉണ്ടാകുന്ന ആവശ്യം പരിഗണിക്കാൻ വകുപ്പു മന്ത്രി ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടുമായി ഉദ്യോഗസ്ഥർ. ഇന്ത്യൻ മിലിട്ടറി കാന്പിലെ 23,600 പശുക്കളെ വിൽക്കുന്നുവെന്ന അറിയിപ്പ് 2018 ഓഗസ്റ്റിലാണ് സംസ്ഥാനങ്ങൾക്കു ലഭിച്ചത്. ഇന്ത്യൻ മിലിട്ടറിയുടെ കീഴിലുള്ള 39 ഫാമുകളിലെ പശുക്കളെയാണ് വിൽക്കാൻ തീരുമാനിച്ചത്.
ശരാശരി 1,32,000 രൂപ വരെ വിലയുള്ള പശുക്കളെയാണ് വെറും ആയിരം രൂപയ്ക്കു വിൽക്കാൻ തീരുമാനിച്ചത്. ശരാശരി 15 മുതൽ 25 ലിറ്റർ വരെ പാൽ ലഭിക്കുന്ന ഫ്രീഷ് വാൾ ഇനത്തിലുള്ള കറവ പ്പശുക്കളെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തിനും ലഭ്യമാകുമായിരുന്നു. ഇതിനായി മിലിട്ടറി മുന്നോട്ടുവച്ച പ്രധാന നിർദേശം സർക്കാരിന്റെ ഒൗദ്യോഗിക കത്ത് വേണമെന്നായിരുന്നു.
ആയിരം രൂപയ്ക്കു ലഭിക്കുന്ന പശുവിന് സംസ്ഥാനത്ത് എത്തിച്ചുനൽകുന്പോൾ പരമാവധി 20,000 രൂപയേ വില വരുമായിരുന്നുള്ളൂ. മിലിട്ടറി ഫാമിൽനിന്നു പശുക്കളെ വിൽക്കുന്നതറിഞ്ഞ് 2018 ഡിസംബർ 30 നു വകുപ്പു മന്ത്രി കെ.രാജുവിന് സമഗ്ര ക്ഷീരകർഷക സംഘം സംസ്ഥാന പ്രസിഡന്റ് സി.എൻ.ദിൽകുമാർ, സെക്രട്ടറി ടി.ആർ.വിജയരാഘവൻ, ട്രഷറർ കെ.വി.രാജു എന്നിവർ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷീര കർഷകരുടെ ആവശ്യം പരിഗണിക്കാൻ മന്ത്രി ആവശ്യപ്പെട്ടത്
ഈ നിർദേശത്തിനെതിരെ നിഷേധാത്മക നിലപാടാണ് പ്രിൻസിപ്പൽ സെക്രട്ടറി സ്വീകരിച്ചതെന്നാണ് ആക്ഷേപം. സർക്കാരിന് ഒരു രൂപപോലും ചെലവില്ലാത്ത കാര്യം നടത്താൻ തടസം നിന്ന ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ക്ഷീര കർഷകർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പല ക്ഷീരകർഷകരും ഇപ്പോഴാണ് ഇത്തരമൊരു അവസരമുണ്ടായിരുന്നുവെന്ന് അറിയുന്നതുതന്നെ.