ശമ്പളത്തിന്റെ 80 ശതമാനവും പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുവാനായി ചെലവഴിക്കുന്ന അധ്യാപകന് വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ ടീച്ചർ പുരസ്ക്കാരം. കെനിയയിലെ ഫ്രാൻസിസ്ക്കൻ സന്ന്യാസിയായ ഇദ്ദേഹത്തിന്റെ പേര് ബ്രദർ പീറ്റർ ടബീച്ചി എന്നാണ്. 36 വയസുകാരനായ ഇദ്ദേഹം കെനിയയിലെ നകൂരുവിൽ കെരികോ സെക്കൻഡറി സ്കൂളിലെ ഫിസിക്സ്-ഗണിതശാസ്ത്രം അധ്യാപകനാണ്.
ഗ്ലോബൽ എഡ്യുക്കേഷൻ ആൻഡ് സ്കിൽസ് ഫോറം ദുബായിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മലയാളിയായ സണ്ണി വർക്കിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വർക്കി ഫൗണ്ടേഷൻ പുരസ്ക്കാരം നൽകിയത്.
പത്ത് ലക്ഷം ഡോളർ(6,90,06,500) ആണ് സമ്മാനത്തുകയായി പീറ്റർ ടബീച്ചിക്ക് ലഭിച്ചത്. പീറ്റർ പഠിപ്പിക്കുന്ന സ്കൂളിലെ അധ്യാപക-വിദ്യാർഥി അനുപാതം 58:1 ആണ്. സ്കൂളിലെ വിദ്യാഥികളിൽ ഭൂരിഭാഗവും അനാഥരോ പാവപ്പെട്ട ഏകരക്ഷിതാക്കളോ ഉള്ളവരുമാണ്. ഓണ്ലൈനിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചാണ് പീറ്റർ വിദ്യാർഥികളെ പഠിപ്പിക്കുന്നത്. ആകെ ഒരു കംപ്യൂട്ടർ മാത്രമാണ് ഈ സ്കൂളിലുള്ളത്.
ആവശ്യമായ ഭക്ഷണത്തിന്റെ ലഭ്യത കുറവ്, മയക്കുമരുന്നിന്റെ ഉപയോഗം, പ്രായപൂർത്തിയാകുന്നതിനു മുൻപുള്ള വിവാഹം, നേരത്തെയുള്ള ഗർഭധാരണം എന്നീ പ്രശ്നങ്ങൾ ഈ സ്കൂളിലെ വിദ്യാർഥികൾ നേരിടുന്നു.
കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും യൂണിഫോമും വാങ്ങി നൽകുന്നത് പീറ്ററാണ്. ഈ സ്കൂളിലെ സയൻസ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ അരിസോണയിൽ നടന്ന ഇന്റെൽ ഇന്റർനാഷണൽ സയൻസ് ആൻഡ് എൻജിനീയറിംഗ് ഫെയറിൽ പങ്കെടുത്തിരുന്നു. കൂടാതെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ സമ്മാനവും ഈ സ്കൂളിലെ വിദ്യാർഥികൾ സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടുന്ന ഈ സ്കൂളിലെ വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുരസ്ക്കാരം ലഭിക്കുവാനായി സമർപ്പിച്ച ആയിരക്കണക്കിന് നാമനിർദ്ദേശപത്രികകളിൽ നിന്നും പത്ത് പേരാണ് അവസാന റൗണ്ടിൽ എത്തിയത്. ഗുജറാത്തിലെ ലവാദ് പ്രൈമറി സ്കൂൾ അധ്യാപികയായ സ്വരൂപ് റാവവും മത്സരത്തിന്റെ അവസാന റൗണ്ടിൽ എത്തിയിരുന്നു.
അവസാന റൗണ്ടിലെത്തിയ മറ്റ് ഒമ്പതു പേർക്കും സമ്മാനങ്ങൾ നൽകി. ഞായറാഴ്ച്ച ഹോട്ടൽ അറ്റ്ലാന്റസിൽ വച്ചു നടന്ന ചടങ്ങിൽ ഓസ്ട്രേലിയൻ സിനിമാ താരം ഹ്യൂഗ് ജാക്മേനാണ് പുരസ്ക്കാരം സമ്മാനിച്ചത്. ദുബായ് കിരീടാവകാശി ഹമദൻ ബിൻ മുഹമ്മദ് അൽ-മഖ്തും ചടങ്ങിൽ സന്നിഹിതനായിരുന്നു.