കട്ടപ്പന: മൊബൈൽ നെറ്റ്വർക്ക് കന്പനികൾ കടുത്ത മത്സരം നേരിടുന്പോൾ രാജ്യത്തിന്റെ സ്വന്തം ബിഎസ്എൻഎൽ പിന്നോട്ടോടുന്നു. സൗജന്യ സിമ്മുകളും സൗജന്യ ടോക് ടൈമുകളും മറ്റു സൗകര്യങ്ങളും വാഗ്ദാനംചെയ്ത് ഉപഭോക്താക്കളെ കൂട്ടാൻ കന്പനികൾ മത്സരിക്കുന്പോൾ ബിഎസ്എൻഎൽ സൗജന്യങ്ങൾ നിർത്തലാക്കിയാണ് കന്പോളത്തിൽ മത്സരിക്കുന്നത്.
കഴിഞ്ഞമാസംവരെ സൗജന്യമായി മാറിനൽകിയിരുന്ന മൊബൈൽ സിം ഇപ്പോൾ മാറ്റിയെടുക്കണമെങ്കിൽ 100 രൂപ നൽകണം. സിമ്മിനുള്ള വിലയാണത്രേ 100 രൂപ. നൂറുരൂപ മുടക്കിയാൽ അതിനുള്ള ടോക് ടൈമോ മറ്റാനുകൂല്യങ്ങളോ ലഭിക്കുന്നില്ല.
ടു ജിയിൽനിന്നും ഫോർ ജിയിലേക്ക് മാറുന്നതിനാൽ ഉപഭോക്താക്കൾ പുതിയ സിം എടുക്കുകയാണ്. ഇത് അവസരമാക്കിയാണ് ബിഎസ്എൻഎൽ സിമ്മിന് പണം ഈടാക്കുന്നത്.തകരാറിലായ സിം മാറ്റിനൽകുന്പോഴാണ് 100 രൂപ ഈടാക്കുന്നതെന്നാണ് ഒൗദ്യോഗിക ഭാഷ്യമെങ്കിലും ഉപയോഗത്തിലിരിക്കുന്ന സിം മാറുന്പോഴും പണം ഈടാക്കുന്നുണ്ട്.
സൗജന്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ സ്വകാര്യ കന്പനികൾ ശ്രമിക്കുന്പോഴാണ് പണംകൂട്ടിവാങ്ങി ബിഎസ്എൻഎൽ മറ്റുള്ളവരോടു മത്സരിക്കുന്നത്.