കോട്ടയം: വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സയന്റിഫിക് വിദഗ്ധർ പരിശോധന നടത്തി. നാഗന്പടം പനയകഴിപ്പ് ശങ്കരമംഗലം രേഖ(40)യെയാണ് ഇന്നലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്.
ഭർത്താവുമായി പിണങ്ങി രേഖയും കുഞ്ഞും തനിച്ചാണ് താമസം. ഇവരുടെ കുഞ്ഞിനെ ഇന്നലെ രാവിലെ ഡേ കെയർ സെന്ററിൽ കൊണ്ടാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങിയ രേഖയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. വൈകുന്നേരമായിട്ടും കുട്ടിയെ കൊണ്ടുപോകാൻ രേഖ എത്താത്തതിനെ തുടർന്ന് ഡേ കെയർ സെന്റർ അധികൃതർ പോലീസിൽ വിവരം അറിയിച്ചു.
പോലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നു. ദുബായിൽ നിന്ന് എത്തിയ രേഖയും ഒന്നര വയസുള്ള കുട്ടിയുമാണ് പനയകഴിപ്പിൽ താമസിച്ചു വന്നത്. കോട്ടയം വെസ്റ്റ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.