കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ മത്സരിക്കുന്നതിൽ നിയമപരമായി അപാകതയില്ലെന്നും ഇവർ ജയിച്ചാലുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് വഹിക്കാൻ ഇവരോടു നിർദേശിക്കാനാവില്ലെന്നും ഹൈക്കോടതി. ഒരു സാമാജികൻ മരിച്ചാലും അവിശ്വാസ പ്രമേയത്തിലൂടെ ഒരു സർക്കാർ വീണാലും തെരഞ്ഞെടുപ്പു വേണ്ടിവരും. ഇത്തരം ഘട്ടങ്ങളിലൊക്കെ ചെലവ് ആരു വഹിക്കണമെന്നു പറയാനാവുമോ എന്നു ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ ജയിച്ചാൽ വേണ്ടിവരുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഇവർ വഹിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം തിരുവാങ്കുളം സ്വദേശി എം. അശോകൻ നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർജി സദുദ്ദേശ്യപരമല്ലെന്നു ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച് പിഴ ചുമത്തേണ്ടി വരുമെന്നു മുന്നറിയിപ്പു നൽകിയതിനെത്തുടർന്നു പിൻവലിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംഎൽഎമാർക്കു ഭരണഘടനാപരമായി അനുവാദമുണ്ട്. ഇവർ മത്സരിക്കുന്നതു നിയമവിരുദ്ധമല്ലെന്നിരിക്കേ ചെലവ് എങ്ങനെ ഈടാക്കാനാവും. നിയമവിരുദ്ധമല്ലാത്ത പ്രവൃത്തികളുടെ പേരിൽ ആരുടെയും പക്കൽനിന്നു കാശ് ഈടാക്കണമെന്നു കോടതിക്കു പറയാനാവില്ല. സംസ്ഥാനത്തു സാന്പത്തിക പ്രതിസന്ധിയുണ്ടെന്നതിന്റെ പേരിലായാലും ഇത്തരമൊരു നിർദേശം നൽകാൻ കഴിയില്ല.
തെരഞ്ഞെടുപ്പു കമ്മീഷനു പോലും ഇതിന് അധികാരമില്ല. ഇരട്ടപ്പദവി വഹിക്കുന്നത് അയോഗ്യതയാണെന്നു മാത്രമാണ് ഇക്കാര്യത്തിൽ നിയമം പറയുന്നതെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ഹർജിക്കാരനു പൊതുതാല്പര്യമാണു വിഷയമെങ്കിൽ എംഎൽഎമാർക്കു പകരം പുതിയ ആളുകളെ തെരഞ്ഞെടുക്കണമെന്നു ജനങ്ങളോടു പറയാൻ കഴിയുമെന്നും എന്നാൽ നിയമവിരുദ്ധമായ ഒരു ആവശ്യം ഉന്നയിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.