കോട്ടയം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ജിപിഎസ് സംവിധാനം ഏർപ്പെടുത്തി. വാഹനം എവിടെയാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ എല്ലാ ഓഫീസിലും അറിയാൻ സാധിക്കുന്നതാണ് ജിപിഎസ് സംവിധാനം.
എവിടെയെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം കണ്ടെത്തിയെന്ന വിവരം ലഭിച്ചാൽ അതിനടുത്ത് ഉദ്യോഗസ്ഥരുടെ വാഹനം ഉണ്ടോയെന്ന് ഉറപ്പാക്കി അവരെ സ്ഥലത്തേക്ക് പറഞ്ഞയക്കാൻ സാധിക്കും. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഡൽഹി, തിരുവനന്തപുരം ഓഫീസുകളിലും ജില്ലാ കളക്ടറുടെ ഓഫീസിലും ജില്ലാ ഇലക്ഷൻ ഓഫീസിലും വാഹനത്തിന്റെ ലൊക്കേഷൻ അറിയാൻ കഴിയും.
കോട്ടയം നെഹ്റു സ്റ്റേഡിയത്തിലും നാട്ടകത്തുമായി ഇന്നലെ രാവിലെ മുതൽ വാഹനങ്ങൾക്ക് ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്ന ജോലികൾ നടത്തി വരുന്നു.