ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭ തെരഞ്ഞടുപ്പിൽ കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നു ഇന്നു സ്ഥാനാർഥികളെ പ്രഖ്യാപിക്കും. രാഹുൽഗാന്ധിയുടെയും പ്രിയങ്കയുടെയും കാര്യത്തിലാണ് തീരുമാനമെടുക്കുന്നത്. അമേഠി, വയനാട് സീറ്റുകളെ സംബന്ധിച്ചു പ്രധാനമായും തീരുമാനമുണ്ടാകും. പ്രിയങ്ക ഗാന്ധി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പാർട്ടി അനുയോജ്യമായ സീറ്റ് നൽകേണ്ടി വരും.
അമേഠി സീറ്റ് പ്രിയങ്കയ്ക്കു കൊടുത്തിട്ടു രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്നും അതല്ല, പ്രിയങ്ക വയനാട്ടിൽ മത്സരിക്കുമെന്നും സൂചന പുറത്തു വരുന്നു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഉമ്മൻചാണ്ടി മലക്കം മറിഞ്ഞുവെങ്കിലും മറ്റു സീനിയർ നേതാക്കൾ ഇന്നുപ്രഖ്യാപനം ഉണ്ടാകുമെന്നു വെളിപ്പെടുത്തുന്നു.
രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നു ആദ്യം സൂചിപ്പിച്ചതും ആദ്യം പിന്നോട്ടു പോയതും ഉമ്മൻചാണ്ടിയായിരിക്കെ അദ്ദേഹം വരില്ലെന്ന സൂചന പടർന്ന സാഹചര്യത്തിലാണ് മറ്റു സീനിയർ നേതാക്കളുടെ വെളിപ്പെടുത്തൽ. രാഹുൽഗാന്ധി മത്സരിക്കുമെന്ന സൂചന നൽകുന്പോൾ തന്നെ പേരു വെളിപ്പെടുത്തി കുരുക്കിലാകാൻ നേതാക്കൾ തയാറാകുന്നില്ല.
രാഹുൽഗാന്ധിയുടെ കാര്യത്തിൽ തീരുമാനം എഐസിസി പ്രഖ്യാപിക്കാനിരിക്കെ പെട്ടെന്നു കയറി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിൽ ഹൈക്കമാൻഡിനു അതൃപ്തിയുണ്ട്. ഇക്കാര്യത്തിൽ കേരളനേതാക്കളെ ശകാരിച്ചെന്നാണ് അറിയുന്നത്. ഈ വിഷയത്തിൽ കേരള നേതാക്കളാണോ പ്രഖ്യാപിക്കേണ്ടതെന്ന ചേദ്യമാണ് ഉയർന്നത്.
അതു കൊണ്ടു തന്നെ ഇന്നു രാഹുൽഗാന്ധി സ്ഥാനാർഥിത്വം പ്രഖ്യാപിക്കാതെ വയനാട്ടിലെ കുറിച്ചു ഒരക്ഷരം മിണ്ടില്ലെന്ന നിലപാടിലാണ് നേതാക്കൾ. തെരഞ്ഞെടുപ്പുസമയമാണ് പ്രശ്നമുണ്ടാക്കരുതെന്നു പറയുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യയിൽ മത്സരിക്കുമെന്ന സൂചന പുറത്തു വന്നതോടെയാണ് രാഹുൽഗാന്ധിയുടെ തീരുമാനം വൈകിപ്പിച്ചത്.
ഏതായാലും മോദി കേരളത്തിലേക്കു മത്സരിക്കാൻ എത്തില്ല. അത്ര ഉറപ്പുള്ള സീറ്റ് കേരളത്തിൽ കിട്ടില്ല. പകരം കർണാടകയിൽ ബിജെപി തട്ടകത്തിൽ മോദി വരുമെന്നാണ്സൂചന. അതു കൂടി നോക്കി പതുക്കെ പ്രഖ്യാപിക്കാനിരുന്ന സ്ഥാനാർഥിത്വം കേരളത്തിലെ ഏതാനും നേതാക്കൾ കുളമാക്കി കളഞ്ഞു. അതു മൂലം സിപിഎം നേതാക്കൾ ഉൾപ്പെടെ രാഹുൽ ഗാന്ധി വരുന്നതിനെ എതിർക്കുകയാണ്.
ഇതേ സമയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ പ്രതികരിക്കാൻ തയാറാകുന്നുമില്ല. ഇതെല്ലാം എഐസിസിയുടെ നിർദേശവും കർശന വിലക്കും കാരണമാണ്.ദക്ഷിണേന്ത്യയിലെ പ്രധാന സീറ്റ് നൽകി കർണാടകയിലേക്കു രാഹുലിനെ കൊണ്ടു പോകുന്നതിനു കർണാടക കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ബിജെപിയുമായി അതിശക്തമായ മത്സരം നടക്കുന്ന സാഹചര്യത്തിൽ രാഹുൽ കർണാടകയിൽ എത്തിയാൽ കൂടുതൽ ശക്തിയും മേൽക്കോയ്മയും സഖ്യകക്ഷികൾക്കു ലഭിക്കുമെന്നു കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുംവെളിപ്പെടുത്തുന്നു.