തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ തന്ത്രപ്രധാന പ്രദേശങ്ങളിൽ ഡ്രോണ്‍ കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന നിഗമനത്തിൽ പോലീസ്. ഡ്രോണുകളുടെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സൈനിക ആവശ്യത്തിനും ചാരപ്രവർത്തനത്തിനും ഉപയോഗിക്കുന്ന ഡ്രോണുകളല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ ഡ്രോണുകൾ ഉപയോഗിച്ച് ചിത്രം പകർത്തിയിട്ടുണ്ടെങ്കിൽ പ്രാദേശികതലത്തിൽ ആരെങ്കിലും ചെയ്തിട്ടുള്ളതാകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്.
ഡ്രോണ്‍ പറത്തിയ സംഭവത്തെ പോലീസ് ഗൗരവമായാണ് കാണുന്നത്. എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സുരക്ഷാ ഭീഷണിയൊന്നും ഇത് മൂലം ഉണ്ടാകാനിടയില്ലെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയിലാണ് കോവളം തീരത്തും വിഎസ് എസ് സി ഭാഗത്തും ഡ്രോണ്‍ പറന്നുവെന്ന വിവരം പോലീസ് അറിഞ്ഞത്. കോവളത്ത് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് പുലർച്ചെ ഒരു മണിക്ക് ഡ്രോണ്‍ പറന്നത് കണ്ടത്.
വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഡ്രോണിനെ പിന്തുടർന്നെങ്കിലും പിന്നീട് കണ്ടെത്താനായിരുന്നില്ല. തിരദേശ റെയിൽവെയുടെ ഭാഗമായി സ്വകാര്യ ഏജൻസി നടത്തിയ സർവേയുടെ ഭാഗമായാണ് ഡ്രോണ്‍ പറത്തിയതെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ഏജൻസി അധികൃതരെ പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോൾ കോവളം ഭാഗത്ത് പറപ്പിച്ച ഡ്രോണ്‍ തങ്ങളുടെതല്ലായിരുന്നുവെന്നാണ് ജീവനക്കാർ പോലീസിനോട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തിന് മുകളിലും പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തും ഡ്രോണ്‍ പറന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രാദേശികതലത്തിൽ ആരോ ഓപ്പറേറ്റ് ചെയ്ത ഡ്രോണാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നാണ് പോലീസ് പറയുന്നത്.
ഉയർന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ഡ്രോണ്‍ പറപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങൾ. അതേ സമയം ഡ്രോണ്‍ പറപ്പിച്ച സംഭവത്തിൽ മിലിട്ടറി ഇന്റലിജൻസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. കോവളത്തും പോലീസ് ആസ്ഥാനത്തിന് മുകളിലും ഡ്രോണ്‍ പറത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു.
ഡ്രോണ്‍ വിഷയത്തിൽ അന്വേഷണം നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്റയും സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ്കുമാർ ഗുരുഡിനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. മുൻകൂർ അനുമതിയില്ലാതെ ഡ്രോണ്‍ പറപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 24 ഡ്രോണുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. തന്ത്രപ്രധാന മേഖലകളിലൂടെ ഡ്രോണുകൾ പറപ്പിക്കുന്നത് പോലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.