കോട്ടയം: പോളിംഗ് ബൂത്തുകളിൽ പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളവും പ്ലാസ്റ്റിക് പൊതികളിൽ ഭക്ഷണ പദാർഥങ്ങളും കൊണ്ടുവരാൻ പാടില്ല. കൗണ്ടിംഗ് ഏജന്റുമാർ, ഇലക്ഷൻ ഏജന്റുമാർ, ചീഫ് ഏജന്റുമാർ എന്നിവർക്ക് പ്ലാസ്റ്റിക് കൊണ്ട് ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡിനു പകരം മൊട്ടുസൂചി കുത്തി ഉപയോഗിക്കാവുന്ന കടലാസ് കാർഡുകൾ നൽകണം.
തെരഞ്ഞെടുപ്പിന് ഒൗദ്യോഗികമായി നൽകുന്ന ഫോട്ടോ വോട്ടർ സ്ലിപ്, രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സ്ലിപ്പുകൾ എന്നിവ പോളിംഗ് ബൂത്തിന്റെ പരിസരത്ത് ഉപേക്ഷിക്കാൻ പാടില്ല. ഇവ ശേഖരിച്ച് കളക്ഷൻ സെന്ററുകളിൽ എത്തിച്ച് സ്ക്രാപ്പ് ഡീലേഴ്സിന് കൈമാറണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലുടനീളം ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ഗ്രീൻ പ്രോട്ടോക്കോൾ ഫെസിലിറ്റേഷൻ യൂണിറ്റുകൾ മേൽനോട്ടം വഹിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിതനിയമ പാലനം ഉറപ്പു വരുത്തുന്നതിന് ജില്ല, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഫെസിലിറ്റേഷൻ യൂണിറ്റുകൾ സജ്ജമാക്കും. യൂണിറ്റുകളുടെ രൂപീകരണത്തിനും തുടർപ്രവർത്തനങ്ങൾക്കും ഹരിത കേരളം മിഷനും ശുചിത്വ മിഷനും നേതൃത്വം നൽകും.
പ്രചരണ സാമഗ്രികൾ കൊടിതോരണങ്ങൾ എന്നിവയ്ക്കായി പ്ലാസ്റ്റിക്, പിവിസി തുടങ്ങിയവയ്ക്ക് പകരം പുനഃചംക്രമണം ചെയ്യാവുന്ന കോട്ടണ് തുണി, പേപ്പർ പോലുള്ള വസ്തുക്കൾ ഉപയോഗിക്കണം. ഡിസ്പോസിബിൾ വസ്തുക്കൾ പരമാവധി ഒഴിവാക്കണം. പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും തെരഞ്ഞെടുപ്പ് സാധനസാമഗ്രികളുടെ വിതരണത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം.
തെരഞ്ഞെടുപ്പ് സാമഗ്രികൾ പൊതിയുന്നതിന് തുണിയോ പുനഃചംക്രമണം ചെയ്യാൻ പറ്റുന്ന വസ്തുക്കളോ ഉപയോഗിക്കണം. വിതരണ-സ്വീകരണ കേന്ദ്രങ്ങളിലെ ഡ്യൂട്ടി പോസ്റ്റിംഗ്, ബസ് റൂട്ടുകൾ, കൗണ്ടറുകൾ എന്നിവ സൂചിപ്പിക്കുന്നതിനുള്ള ബോർഡുകൾ തുണികൊണ്ട് തയ്യാറാക്കണമെന്നുമാണ് നിർദേശം.