ഇന്ത്യന്‍ വീടുകളില്‍ മാത്രം കണ്ടു വരുന്ന പലതരത്തിലുള്ള രസകരമായ കാര്യങ്ങളുണ്ട്. നിരവധി പോളിത്തീന്‍ ബാഗുകള്‍ സൂക്ഷിക്കാനായി ഒരു വലിയ പോളിത്തീന്‍ ബാഗ്, അടുത്ത തവണ ആര്‍ക്കെങ്കിലും സമ്മാനം കൊടുക്കുമ്പോള്‍ പൊതിയുന്നതിനായി കിട്ടുന്ന സമ്മാനപ്പൊതികള്‍ വലിച്ച് കീറാതെ സൂക്ഷിച്ച് വയ്ക്കുക, തുണ്ട് കടലാസുകളില്‍ ഫോണ്‍ നമ്പരുകള്‍ എഴുതി വയ്ക്കുക തുടങ്ങി വിചിത്രമെന്ന് തോന്നാവുന്ന പല പ്രവര്‍ത്തികളും ഉണ്ട്, ഇന്ത്യക്കാരുടെ കയ്യില്‍.
അതില്‍ തന്നെ മലയാളികളുടെ ചില പതിവുകള്‍ തലയില്‍ കൈവച്ച് പോവുന്ന തരത്തിലുള്ളതാണ്. ഇത്തരത്തില്‍ ഒരു മലയാളി വീട്ടമ്മ ചെയ്ത കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫോണ്‍ നമ്പരുകള്‍ കുറിച്ച് വയ്ക്കാന്‍ ഒരു മലയാളി വീട്ടമ്മ കണ്ടെത്തിയ മാര്‍ഗമാണ് അവരുടെ മകന്‍ തന്നെ വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.
നവമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ഈ വീഡിയോയില്‍ തന്റെ അച്ഛന്റെ പഴയ പാസ്‌പോര്‍ട്ടാണ് കാണിച്ചിരിക്കുന്നത്. അതിലെ ഞെട്ടിക്കുന്ന കാര്യമെന്തെന്നാല്‍ ഈ വ്യക്തിയുടെ അമ്മ അവരുടെ ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് ഫോണ്‍ ഡയറക്ടറി ആക്കിയിരിക്കുന്നു എന്നതാണ്. അവിടെയും തീരുന്നില്ല, അവസാന പേജുകളില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങിയതിന്റെ ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. ഏതായാലും വീഡിയോ കണ്ട് ചിരിയടക്കാന്‍ പാടുപെടുകയാണ് സോഷ്യല്‍മീഡിയ.