തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിൽ പൈപ്പ് ബോംബ് പൊട്ടി മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒരു മാസം പിന്നിടുമ്പോഴും തുമ്പില്ലാതെ പോലീസ്.കഴിഞ്ഞ മാസം 28ന് രാവിലെ പതിനൊന്നിനാണ് നഗരത്തെ നടുക്കിയ ഉഗ്ര സ്ഫോടനം നടന്നത്.
ഷോപ്പിംഗ്മാളും തീയേറ്റർ കോംപ്ലക്സുകളും ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ജനത്തിരക്കേറിയ മുകുന്ദ മല്ലർ റോഡിനും ജൂബിലി റോഡിനും ഇടയിൽ ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ വ്യക്തമായത്.
സ്ഫോടനത്തിൽ കൊല്ലം സ്വദേശി സക്കീർ (36), പേരാമ്പ്ര കരി കുളത്തിൽ പ്രവീൺ (33), വേളം പുളിയർ കണ്ടി റഫീഖ് (34) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.