ചാലക്കുടി: കോടതിയും വിദ്യാലയങ്ങളും സ്ഥിതിചെയ്യുന്ന റോഡിനു സമീപം കഞ്ചാവുമായി കറങ്ങിനടന്ന കൊലക്കേസ് പ്രതി പോലീസ് പിടിയിലായി. മാള പൂപ്പത്തി സ്വദേശി കോട്ടപ്പുറത്ത് രംഭ കണ്ണൻ എന്നറിയപ്പെടുന്ന വിഷ്ണു(22)വിനെയാണ് ചാലക്കുടി ഡിവൈഎസ്പി പി.കെ. ലാൽജിയും പ്രത്യേക അന്വേഷണസംഘവും അറസ്റ്റുചെയ്തത്.
ലഹരിമാഫിയാ സംഘങ്ങൾക്കെതിരായ നടപടികളുടെ ഭാഗമായി നടത്തിയ തെരച്ചിലിൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സമീപത്തു നടത്തിയ രഹസ്യ പരിശോധനയിലാണ് കോടതി പരിസരത്തു സംശയാസ്പദമായ സാഹചര്യത്തിൽ വിഷ്ണുവിനെ കണ്ടത്.
പോലീസ് ചോദ്യം ചെയ്തപ്പോൾ കോടതിയിൽ കേസിനായി എത്തിയതാണെന്നായിരുന്നു മറുപടി. എങ്കിലും പെരുമാറ്റത്തിൽ പന്തികേട് തോന്നിയ അന്വേഷണസംഘം വിഷ്ണുവിനെ വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവുപൊതികൾ കണ്ടെടുത്തത്.
വിശദമായി ചോദ്യം ചെയ്തപ്പോൾ വില്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവുപൊതികളെന്നും ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്പോൾ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുകയാണ് പതിവെന്നും ഇയാൾ സമ്മതിച്ചു. രണ്ടുവർഷം മുന്പ് മാളയിൽ ദേശവിളക്കിനോടനുബന്ധിച്ചു നടന്ന കൊലപാതകക്കേസിൽ പ്രതിയാണിയാൾ. ഈ കേസിൽ ജാമ്യത്തിലാണ്.
തമിഴ്നാട്ടിലെ പഴനിയിൽനിന്നാണ് വിഷ്ണുവിനു കഞ്ചാവ് ലഭിക്കുന്നത്. കിലോയ്ക്ക് 30,000 രൂപയ്ക്കു കിട്ടുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി ഒരു പൊതിക്ക് 500 രൂപയ്ക്കാണ് വില്പന നടത്തുന്നത്. വിഷ്ണുവിനു കഞ്ചാവ് എത്തിക്കുന്നവരെക്കുറിച്ചും ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ സീനിയർ സിപിഒ ബൈജു പൊന്നോത്ത് എന്നിവരാണ് ഇയാളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.