തൃശൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം കടത്തുന്നതു കണ്ടെത്താനും തടയാനും സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ 23 പവനോളം മോഷ്ടിച്ച സ്വർണവുമായി യുവാവ് പിടിയിലായി. ചേർപ്പ് പുച്ചിന്നിപ്പാടത്തു വച്ചാണ് തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ വാഹനപരിശോധനയ്ക്കിടെ 23 പവനോളം സ്വർണാഭരണങ്ങളുമായി ബാങ്ക് ജീവനക്കാരനായ ആറാട്ടുപുഴ സ്വദേശി ഇട്ടിയേടത്ത് ശ്യാം (25) പിടിയിലായത്. യൂണിയൻ ബാങ്ക് ചാലക്കുടി ബ്രാഞ്ചിലെ പ്യൂണാണ് ഇയാൾ.
ഇലക്ഷൻ സ്ക്വാഡ് അംഗങ്ങൾ യുവാവിനെ പോലീസിനു കൈമാറി. ചേർപ്പ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ ചാലക്കുടിയിലെ ബാങ്കിൽനിന്നു സ്വർണം മോഷ്ടിച്ചതാണെന്നു തെളിഞ്ഞു. പ്രളയത്തിനിടെ ബാങ്കിന്റെ ലോക്കറിൽനിന്നു പണയം വച്ച സ്വർണാഭരണങ്ങൾ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയാണ് സ്വർണം കവർന്നതെന്നു ജീവനക്കാരൻ പോലീസിനു മൊഴിനൽകി.