പാലക്കാട്: കനത്ത ചൂട് തുടരുന്നതിനിടെ ജില്ലയിൽ ഇന്നലെ മാത്രം പന്ത്രണ്ട് പേർക്കു സൂര്യാതപമേറ്റു. പട്ടാന്പി സ്വദേശി സിദ്ധിക്ക് (55), തൃത്താല സ്വദേശി അഫിയ (ഏഴ്), ഷൊർണൂർ സ്വദേശികളായ സുരേഷ് ബാബു (42), കൃപ (25), കുമരംപുത്തൂരിലെ ജസ്റ്റിൻ (35), ഓങ്ങല്ലൂരിലെ മുഹമ്മദ് നൗഫൽ (29), പുതുനഗരം സ്വദേശി നിയാസ് (30), മുതുതല സ്വദേശി ഗോപാലൻ (58), വടവന്നൂർ കൗണ്ടൻകൊളുന്പ് ചന്ദ്രന്റെ മകൻ മണി(40), തൃത്താല പരുതൂരിൽ അബ്ദുൽ മനാഫ്, മംഗലംഡാം വീട്ടിൽക്കൽ കടവ് ഏലാന്തറ എം.കെ ഉണ്ണികൃഷ്ണന്റെ ഭാര്യ ലളിത (57) സ്വകാര്യ കുറി കന്പനി ജീവനക്കാരനായ കിഴക്കഞ്ചേരി ചെറുകുന്നം പൊന്മല മകൻ നിതിൻ (23) എന്നിവർക്കാണ് പൊള്ളലേറ്റത്.
ലോഡിംഗ് തൊഴിലാളിയായ മണിക്ക് ഇന്നലെ ഉച്ചയ്ക്കു തൊഴിലിനിടയിലാണ് സൂര്യാതപമേറ്റത്. വലതുകൈമുട്ടിനു വശത്തും കഴുത്തിനും ശരീരത്തിന്റെ പിറകിലും പൊള്ളലേറ്റ പാടുകളുണ്ട്. വടവന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
വീടിന്റെ മുകളിലുള്ള വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അബ്ദുൾ മനാഫിനു പൊള്ളലേറ്റത്. സ്ഥലത്തെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി സൂര്യാതപമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.
കൊടുംചൂട്: ആദിവാസി കുഴഞ്ഞുവീണു
അഗളി: കൊടുംചൂടിൽ ആദിവാസി മധ്യവയസ്കൻ കുഴഞ്ഞുവീണു. വട്ടലക്കി ഉൗരിലെ കരട്ടിയുടെ മകൻ വെള്ളിങ്കിരി(50)യാണ് കുഴഞ്ഞുവീണത്. കോട്ടത്തറ ചന്ദ്രമുടിമലയിൽ ആടുമേയ്ക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കാളിമുത്തു, മരുതത്താൾ എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.