കോടാലി: മീനച്ചൂടിന്റെ ആധിക്യത്തിൽ ഗ്രാമങ്ങലും നഗരങ്ങളും ഒരു പോലെ ചുട്ടുപൊള്ളുകയാണ്. പകൽ സമയങ്ങളിൽ ഫാനിനു കീഴിലും വൃക്ഷച്ചുവട്ടിലും തണുപ്പു തേടുന്നവർ വെയിൽ ചായുന്പോൾ മുങ്ങികുളിക്കാൻ കുളങ്ങളിലേയും തോടുകളിലേയും തെളിനീരുതേടുകയാണ് .
കടുത്ത വേനലിലും ജലസമൃദ്ധമായ മറ്റത്തൂരിലെ വെള്ളിക്കുളം വലിയതോട്ടിൽ വൈകുന്നേരങ്ങളിൽ നൂറുകണക്കിനാളുകളാണ്് മുങ്ങികുളിക്കാനെത്തുന്നത്. തോട്ടിലെ വിവിധ ഭാഗങ്ങളിൽ നിർമിച്ചിട്ടുള്ള തടയണകളിൽ നിറഞ്ഞു കടക്കുന്ന വെള്ളത്തിൽ നീന്തിക്കുളിച്ചും മുങ്ങാംകുഴിയിട്ടും മണിക്കൂറുകൾ ചെലവഴിച്ചാണ് ഇവർ മടങ്ങുന്നത്.
തെളിനീരിലെ മുങ്ങികുളി കൊതിച്ച് ദൂരെ നിന്ന് കുട്ടികളോടൊപ്പം കാറിലും ബൈക്കിലുമെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട ്.വിദേശരാജ്യങ്ങളിൽ നിന്ന് അവധിക്ക് നാട്ടിലെത്തുന്നവരും നാട്ടിൻപുറത്തെ നൊസ്റ്റാൾജിയ ഉണർത്തുന്ന മുങ്ങികുളിയിൽ പങ്കുചേരുന്നു. വെള്ളിക്കുളം തോട്ടിലെ കൊടുങ്ങ, വെള്ളിക്കുളങ്ങര, കോപ്ലിപ്പാടം, മാങ്കുറ്റിപ്പാടം, ചേലക്കാട്ടുകര, ചെട്ടിച്ചാൽ, നരയൻകുറ്റി എന്നിവിടങ്ങളിലെ തടയണകളിലെല്ലാം വൈകുന്നേരമായാൽ മുങ്ങിക്കുളിക്കുന്നവരുടെ തിരക്കാണ്.
കൊടകര-വെള്ളിക്കുളങ്ങര റോഡരുകിലെ ചേലക്കാട്ടുകര കടവിലും കോടാലി -മോനൊടി റോഡരുകിലെ മാങ്കുറ്റിപ്പാടം കടവിലുമാണ് കുളിക്കാനെത്തുന്നവരുടെ ഏറെ തിരക്കനുഭവപ്പെടുന്നത്.