മാഹി: മാഹിയിൽ സിപിഎം വോട്ട് കോൺഗ്രസ് മുന്നണിയിലെ സ്ഥാനാർഥിക്ക് നൽകില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ബിജെപിയെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സിപിഐയുടെ വോട്ട് കോൺഗ്രസ് സ്ഥാനാർഥിക്ക് നൽകും. സിപിഐക്ക് സ്വാധീനം കുറവുള്ള മണ്ഡലങ്ങളിലെല്ലാം ബിജെപി വിരുദ്ധ നിലപാടിലാണ് വോട്ട് രേഖപ്പെത്തുകയെന്ന് സിപിഐ കേന്ദ്രങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി എടുക്കുന്ന തീരുമാനത്തിലാണ് മാഹിയിലെ സിപിഎം വോട്ടർമാർ സമ്മതിദാനം നിർവഹിക്കുക. മാഹി ഉൾപ്പെടെ പുതുച്ചേരിയിലെ ഏക ലോകസഭാ മണ്ഡലത്തിൽ ഏപ്രിൽ 18 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 19 പേരാണ് മത്സര രംഗത്തുള്ളത്.
യുപിഎ സഖ്യത്തിലെ കോൺഗ്രസ് സ്ഥാനാർഥി വി.വൈദ്യലിംഗവും, ബിജെപി, എൻആർ കോൺഗ്രസിലെ ഡോ.കെ.നാരായണ സ്വാമിയുമായാണ് പ്രധാന മത്സരം. കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യം പാർട്ടിയുടെ സ്ഥാനാർഥി എം.എ. സുബ്രമണ്യവും മത്സര രംഗത്തുണ്ട്.