കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കോടികൾ മുടക്കി ഇറക്കുമതി ചെയ്ത രണ്ടു അഗ്നിശമന വാഹനങ്ങൾ തുരുന്പെടുത്തു നശിക്കുന്നു. അഗ്നിശമന സേന മൂന്നര കോടിരൂപ മുടക്കി ഇറക്കുമതി ചെയ്ത രണ്ടു ഫയർക്രാഷ് ടെൻഡർ യൂണിറ്റുകളാണ് മാസങ്ങളായി ഉപയോഗ ശൂന്യമായി നശിക്കുന്നത്. യന്ത്രതകരാർ മൂലമാണ് ഒരു യൂണിറ്റ് ഉപയോഗശൂന്യമായത്.
വിമാനത്താവളത്തിൽ നടന്ന പരിശോധനക്കിടെ അപകടത്തിൽ പെട്ടാണ് രണ്ടാമത്തെ യൂണിറ്റ് തകരാറിലായത്. വിമാനത്താവളത്തിൽ നിന്നു അന്താരാഷ്ട്ര സർവീസ് ആരംഭിച്ച കാലത്ത് മൂന്നരക്കോടി രൂപ മുടക്കി സ്വിറ്റ്സർലാൻഡിൽ നിന്നു ഇറക്കുമതി ചെയ്തതാണ് നശിക്കുന്ന ഒരു വാഹനം. ഇതിനു യന്ത്രത്തകരാർ കണ്ടതോടെ ഉപയോഗിക്കാതെയായി. വർഷങ്ങളായി വാഹനം കട്ടപ്പുറത്താണ്.
വിമാനത്താവളത്തിലെ റണ്വേക്കരികിലെ പെരിമീറ്റർ റോഡിലൂടെ വാഹനം കൊണ്ടുപോകുന്പോഴാണ് രണ്ടാമത്തെ യൂണിറ്റ് അപകടത്തിൽപ്പെട്ടത്. 30 അടിയോളം താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. ഇതേ തുടർന്നു പരിശോധനക്കെത്തിയ ഉന്നത ഉദ്യോഗസ്ഥനടക്കം പരിക്കേറ്റിരുന്നു. ഇതിനുശേഷം വാഹനം ഉപയോഗിക്കാതെയായി.
ടാർപോളിൻ ഷീറ്റു കൊണ്ടു മൂടിയിട്ട വാഹനങ്ങൾ മാസങ്ങളായി കട്ടപ്പുറത്തേറിയതോടെ പൂർണമായി നശിച്ചനിലയിലാണ്. ചെളി നിറഞ്ഞ് തുരുന്പെടുത്ത രണ്ടു വാഹനങ്ങളും ടെർമിനലിനു മുന്നിലെ കാർപാർക്കിംഗ്് ഏരിയായിലേക്ക് മാറ്റിയിരിക്കുകയാണ്.
രണ്ടു വാഹനങ്ങളും പ്രയോജനപ്പെടുത്താനാവശ്യമായ സ്പെയർ പാർട്സുകൾ ലഭ്യമല്ലാത്തതാണ് ഇവ ഉപയോഗ്യമല്ലാതായത്. അപകടപ്പെടുന്ന വാഹനങ്ങൾ ഇൻഷ്വറൻസ് അനുസരിച്ച് കന്പനി തിരിച്ചെടുത്തു പുതിയത് നൽകാറാണ് പതിവ്. എന്നാൽ ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എയർപോർട്ട് അഥോറിറ്റിക്ക് സാധിക്കാത്തതനാൽ രണ്ടു വർഷങ്ങളായി വാഹനങ്ങൾ നശിക്കുകയാണ്.