കൊച്ചി: തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ക്രൂരമർദനമേറ്റ ഏഴ് വയസുകാരന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ കഴിഞ്ഞുവരുന്ന കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
സംഭവത്തിൽ കുട്ടിയുടെ അമ്മയോടൊപ്പം കഴിയുന്ന തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. അമ്മയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
ഇളയ കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതാണ് അരുണ്‍ ആനന്ദ് ഏഴുവയസുള്ള മൂത്ത കുട്ടിയെ അതിക്രൂരമായി മർദിക്കാൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. കിടക്കയിൽ കിടന്ന ഏഴുവയസുകാരന്റെ നടുവിനു ചവിട്ടി തെറിപ്പിച്ചു. ഭിത്തിയിൽ തലയിടിച്ചു അലമാരയ്ക്കിടയിൽ വീഴുകയായിരുന്നു. എന്നിട്ടും അരിശം മാറാത്ത അരുണ്‍ കുട്ടിയെ വീണ്ടും മർദിച്ചു. നിലത്തിട്ടു ചവിട്ടി.
മാതാവ് ഇടപെട്ടപ്പോൾ എല്ലാവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി നിശബ്ദമാക്കി. കുട്ടിയെ അബോധാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ തലയോട്ടി പൊട്ടി.
അരുണ്‍ തിരുവനന്തപുരത്തൊരു കൊലപാതകകേസിലെ പ്രതിയായിരുന്നു. മദ്യപിച്ചു വാഹനം ഓടിച്ചതിനു നൂറോളം പ്രാവശ്യം പിടിച്ചിട്ടുണ്ടെന്നു പ്രതി തന്നെ പോലീസിനോടുസമ്മതിച്ചു. കുട്ടിയുടെ പിതാവ് ഒരുവർഷം മുന്‍പു മരിച്ചു പോയതാണ്.
പിന്നീട് ഭർത്താവിന്റെ അമ്മായിയുടെ മകൻ സഹായിക്കാൻ എന്ന പേരിൽ ഇവിടെ കൂടുകയായിരുന്നു. എന്നും ഇളയകുട്ടിയെ രാത്രിയിൽ എഴുന്നേൽപിച്ചു മൂത്രമൊഴിപ്പിച്ചശേഷം കിടത്തേണ്ടതു ഏഴാംക്ലാസിലെ ഈകുട്ടിയുടെ കടമയാണ്. ഇന്നലെ രാത്രിയിൽ കുട്ടി ഉറങ്ങിപ്പോയി. ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചു കരഞ്ഞു. ഇതാണ് അരുണിനെ ക്രൂരനാക്കിയത്. ഇളയകുട്ടിയേയും മർദിച്ചു. എന്നാൽ ഇത്രയും ക്രൂരമായി മർദിച്ചില്ല.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ ഗുരുതരാവസ്ഥയിൽ എത്തിച്ചത്. അസ്വാഭാവികത തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തലയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്. സോഫയിൽനിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് അമ്മ പറഞ്ഞതെങ്കിലും മുറിവുകൾ അങ്ങനെ ഉണ്ടായതല്ലെന്ന് ലക്ഷണങ്ങളിൽനിന്ന് ഡോക്ടർമാർക്ക് വ്യക്തമായി.
തുടർന്ന് കൂടുതൽ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോലീസ് എത്തിയതോടെയാണ് കാര്യങ്ങൾക്ക് വ്യക്തത വന്നത്. രണ്ടാമത്തെ കുട്ടിക്ക് പരിക്കുണ്ടായതാണ് സംശയങ്ങൾക്ക് ഇട നൽകിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഇളയ കുട്ടിയെ താൽക്കാലിക സംരക്ഷണത്തിനു വല്യമ്മയെ ഏല്പിച്ചു. യുവതിയുടെ ആദ്യ ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചതിനെ തുടർന്ന് ഭർത്താവിന്റെ അടുത്ത ബന്ധുവായ അരുണ്‍ യുവതിക്കും മക്കൾക്കുമൊപ്പം താമസിക്കുകയായിരുന്നു. ഇവർ നിയമ പ്രകാരം വിവാഹിതരല്ലെന്നാണ് സൂചന.
രണ്ടാനച്ഛൻ ജ്യേഷ്ഠനെയും തന്നെയും മർദിച്ചെന്ന് അനുജൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മൊഴി നൽകി. ജ്യേഷ്ഠനെ വടി ഉപയോഗിച്ച് തലയിലും മുഖത്തും കണ്ണിലും അടിച്ചെന്നും നിലത്തു വീണെന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു. ചോര തൂത്തുകളഞ്ഞത് താനാണെന്നുമാണ് കുട്ടിയുടെ മൊഴി.