നിയാസ് മുസ്തഫ
മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിനെ ചേർത്തുപിടിച്ച എൻസിപി ഗുജറാത്തിലെത്തിയപ്പോൾ അടവ് മാറ്റി. ഗുജറാത്തിലെ 26 ലോക്സഭാ സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയമസഭാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എൻസിപി തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ച തായും ഗുജറാത്ത് അധ്യക്ഷൻ ജയന്ത് പട്ടേൽ അറിയിച്ചു.
ഗുജറാത്തിൽ മൂന്നാം ഘട്ടമായ ഏപ്രിൽ 23നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ കോണ്‍ഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ എൻസിപി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നാലു സീറ്റാണ് എൻസിപി ആവശ്യപ്പെട്ടത്. കച്ച്, ഗാന്ധിനഗർ, പോർബന്തർ, സബർകാന്ത എന്നീ സീറ്റുകളാണ് ചോദിച്ചത്.
അതേസമയം, എൻസിപിക്ക് ഗുജറാത്തിൽ കാര്യമായ സ്വാധീനം ഇല്ലെന്നതും കൂടുതൽ സീറ്റുകൾ ചോദിച്ചതുമാണ് എൻസിപിയു മായി സഖ്യത്തിൽ വരാൻ കോൺഗ്രസ് മടിച്ചതിനു കാരണമെന്നാണ് വിവരം. ദേശീയതലത്തിൽ കോണ്‍ഗ്രസുമായി എൻസിപി സഖ്യത്തിലായതിനാൽ എൻസിപി 26 ലോക്സഭാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയാലും തങ്ങൾക്ക് ദോഷകരമായി ബാധിക്കില്ല െന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
അതേസമയം, മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ് സഖ്യം ശക്തമാണ്. ഇവിടെ നാലു ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കു ക. ഏപ്രിൽ 11,18, 23, 29 തീയതികളിലാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയിൽ 26 സീറ്റിൽ കോണ്‍ഗ്രസും 22 സീറ്റിൽ എൻസിപിയും ഒന്നിച്ചു മത്സരിക്കുകയാണ്.
പീസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി (പിഡബ്ല്യുപി) സ്വാഭിമാനി ശേത്കാരി സംഘ്തന (എസ് എസ്എസ്) ബഹുജൻ വികാസ് അഘാഡി (ബിവിഎ) രവി റാണയുടെ യുവ സ്വാഭിമാൻ പാർട്ടി, പീപ്പിൾസ് റിപ്പബ്ലിക്കൻ പാർട്ടി, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്നീ പാർട്ടികളാണ് കോണ്‍ഗ്രസ്-എൻസിപി സഖ്യത്തിലുള്ളത്.
സ്വാഭിമാനി ശേത്കാരി സംഘടന രണ്ട് സീറ്റിലും, ബഹുജൻ വികാസ് അഘാഡി, യുവ സ്വാഭിമാൻ പാർട്ടി എന്നിവ ഒരോ സീറ്റിലും മത്സരിക്കും. കോൺഗ്രസിന്റെയും എൻസിപിയുടെയും സീറ്റ് വിഹിതത്തിൽനിന്ന് തുല്യമായിട്ടാണ് ഇവർക്ക് സീറ്റ് വിഭജിച്ചു നൽകിയത്.
എന്നാൽ ബിജെപി-ശിവസേന സീറ്റ് വിഭജനം വളരെ മുന്‍പേ ഇവിടെ പൂർത്തായിരുന്നു. 25 സീറ്റിൽ ബിജെപിയും 23 സീറ്റിൽ ശിവസേനയും മത്സരിക്കും. ആകെ 48 സീറ്റാണ് മഹാരാഷ്്ട്രയിൽ ഉള്ളത്.