കോട്ടയം: ഈ രീതിയിലാണ് വാതിൽപ്പടി വിതരണമെങ്കിൽ റേഷൻകടക്കാർ കുത്തുപാളയെടുക്കേണ്ടി വരും. റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കുന്ന പദ്ധതിയിലാണ് വൻ അഴിമതി കടന്നു കൂടിയതെന്ന പരാതി ഉയരുന്നത്. അരിയും മറ്റു സാധനങ്ങളും തൂക്കി റേഷൻ കടക്കാരനെ ബോധ്യപ്പെടുത്തി നല്കണമെന്നാണ് വ്യവസ്ഥ.
സാധനങ്ങൾ നല്കും. പക്ഷേ തൂക്കമില്ലെന്നു മാത്രം. ഒരു ചാക്ക് അരി 50 കിലോയാണെന്നു കണക്കാക്കിയാണ് നല്കുന്നത്. എന്നാൽ ഒന്നുംരണ്ടും കിലോഗ്രാം കുറവാണെന്ന് കടക്കാർ പരാതിപ്പെടുന്നു. ഓരോ താലൂക്കിലും ഓരോ വിതരണ കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്നാണ് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്.
വിതരണ കേന്ദ്രത്തിൽ പോലും തൂക്കിയല്ല നല്കുന്നത്. 50 ചാക്ക് അരി നല്കുന്ന ഒരു കടയിൽ 75 കിലോയിൽ അധികം അരി കുറവാണെന്ന് കടക്കാർ ആരോപിച്ചു. ചിലപ്പോൾ ഒരു ക്വിന്റൽ വരെ കുറയും. അരി കുറവാണെന്നു പറഞ്ഞിട്ടു കാര്യമില്ല ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയാൽ കടക്കാരൻ പിടിക്കപ്പെട്ടതു തന്നെ. ഒരു കിലോഗ്രാം അരി കണക്കിൽ കുറവാണെന്നു കണ്ടെത്തിയാൽ 26 രൂപയാണ്. ഒരു കിലോഗ്രാം ഗോതന്പ് കുറഞ്ഞാൽ 24 രൂപയാണ് പിഴ. ഇതിനു പുറമെ 3500 രൂപകൂടി അടയ്ക്കണമത്രേ.
വാതിൽപ്പടി വിതരണം തൂക്കി നല്കണമെന്ന ആവശ്യം ഉന്നയിച്ച് റേഷൻ കടക്കാർ നിരവധി സമരം നടത്തി. ഒരു പ്രയോജനവും ഉണ്ടായില്ല. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. മുൻപ് ലൈസൻസികളാണ് മൊത്ത വിതരണം നടത്തിയിരുന്നത്. അന്നു പോലും റേഷൻ സാധനങ്ങൾ തൂക്കിയാണ് നല്കിയിരുന്നതെന്ന് കടക്കാർ പറയുന്നു.
റേഷൻ കടക്കാർ സാധനങ്ങൾ വെട്ടിക്കുന്നുവെന്നായിരുന്നു മുൻപുണ്ടായിരുന്ന പരാതി. ഇതേ തുടർന്നാണ് അവർക്ക് വേതനം നല്കാനും കൃത്യമായ അളവിൽ സാധനങ്ങൾ കടകളിൽ എത്തിക്കാനുമുള്ള പദ്ധതി ആരംഭിച്ചത്. എന്നാൽ കൃത്യമായ അളവിൽ റേഷൻ നല്കാതെ കടക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ് അധികൃതർ.