കൊച്ചി: സാധാരണക്കാരിൽപോലും ബിനാലെയുടെ സ്വാധീനം ഇറങ്ങിച്ചെന്നതായി കാണാമെന്ന് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ ഒൗപചാരിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബിനാലെയുടെ വലിയ സ്വാധീനം കുട്ടികളിൽ കാണാൻ സാധിക്കുന്നു.
വിദ്യാർഥികളും അധ്യാപകരും ബിനാലെയിലെ സ്ഥിരം കാഴ്ചയാണ്. കലയെക്കുറിച്ചുള്ള മലയാളിയുടെ ധാരണകളെ മാറ്റാൻ ബിനാലെയ്ക്കു സാധിച്ചു. ബിനാലെയില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാൻ സാധിക്കില്ല. ലോകത്തെ തന്നെ പ്രധാനപ്പെട്ട ബിനാലെകളിലൊന്നായി കൊച്ചി മാറിക്കഴിഞ്ഞുവെന്നും അടൂർ പറഞ്ഞു.
അടുത്ത തവണ മുതൽ കൊച്ചി മുസിരിസ് ബിനാലെയുടെ ദൈർഘ്യം 108 ദിവസത്തിൽ നിന്നും 120 ദിവസമാക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. സമാപന സമ്മേളനത്തിൽ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം.
2020 ലെ ബിനാലെ അഞ്ചാം ലക്കത്തിലെ ക്യൂറേറ്ററെ മേയ് രണ്ടാം വാരം പ്രഖ്യാപിക്കും. 6.2 ലക്ഷം പേർ ബിനാലെ സന്ദർശിച്ചതായും ബോസ് പറഞ്ഞു. പ്രളയത്തിന്റെ വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന കേരളത്തിലെ ടൂറിസം മേഖലയിൽ ശുഭപ്രതീക്ഷ നൽകിയത് കൊച്ചി മുസിരിസ് ബിനാലെയാണെന്ന് സംസ്ഥാന ടൂറിസം ഡയറക്ടർ പി. ബാലകിരണ് ചൂണ്ടിക്കാട്ടി.
പുരുഷ മേധാവിത്വത്തിനെതിരായ പ്രസ്താവനയായിരുന്നു ബിനാലെ നാലാം ലക്കത്തിലെ സ്ത്രീപക്ഷ സൃഷ്ടികളെന്നു ക്യൂറേറ്റർ അനിത ദുബെ പറഞ്ഞു. സ്റ്റുഡന്റ്സ് ബിനാലെ പുരസ്ക്കാരങ്ങൾ ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റ് അംഗം എൻ.എസ്. മാധവൻ പ്രഖ്യാപിച്ചു. 2018 ഡിസംബർ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 108 ദിവസം നീണ്ടു നിന്ന കലാമാമാങ്കത്തിനാണ് സമാപനമാകുന്നത്.
സമാപന സമ്മേളനം ഇന്നലെ നടത്തിയെങ്കിലും ബിനാലെ പ്രദർശനം അവസാനിക്കുന്നതും പതാക താഴ്ത്തുന്നതും ഇന്നാണ്. ഫോർട്ട്കൊച്ചിയിലും എറണാകുളത്തുമായി സജ്ജീകരിച്ച 10 വേദികളിലായി 94 ആർട്ടിസ്റ്റിക് പ്രോജക്ടുകളാണ് അനിത ദുബെ ക്യൂറേറ്റ് ചെയ്ത ബിനാലെ നാലാം ലക്കത്തിലുണ്ടായിരുന്നത്.
പങ്കാളിത്ത ആർട്ടിസ്റ്റുകളിൽ പകുതിയലധികവും സ്ത്രീകളായിരുന്നുവെന്ന പ്രത്യേകത കൂടി ആഗോള ബിനാലെ ഭൂപടത്തിൽ കൊച്ചി ബിനാലെ നാലാം ലക്കം രേഖപ്പെടുത്തുന്നുണ്ട്. കൊച്ചി ബിനാലെയിലെ പങ്കാളിത്ത ആർട്ടിസ്റ്റ് സംഘമായ ഊരാളിയുടെ സംഗീത പരിപാടിയും സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്നു.