വെഞ്ഞാറമൂട് : പതിമൂന്നുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പിതാവിനെ പതിനാലു ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.വെഞ്ഞാറമൂട് പോലീസ് ഇയാളെ ബുധനാഴ്ചയാണ് അറസ്റ്റുചെയ്തത്.ശാസ്താംനട സ്വദേശി യാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
കുട്ടി എന്തോ തെറ്റു ചെയ്തുവെന്നാരോപിച്ച് സ്റ്റീൽ തവി അടുപ്പിൽ വച്ചു ചൂടാക്കി പൊള്ളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എതിർക്കാനെത്തിയ മാതാവിനെ വിരട്ടിയോടിച്ചതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാനാളില്ലാതായി.
വിവരമറിഞ്ഞു വെഞ്ഞാറമൂട് പോലീസ് എത്തി ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കന്യാകുളങ്ങര ഗവ.ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം സമീപത്തു തന്നെ ചുറ്റിത്തിരിഞ്ഞ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.