സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിൽ എഇആർബിയുടെ രജിസ്ട്രേഷൻ ഇല്ലാതെ നാലായിരം മെഡിക്കൽ എക്സ്റേ യൂണിറ്റുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നു ഡയറക്ടർ ഓഫ് റേഡിയേഷൻ സേഫ്റ്റി ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
എക്സ്റേ യൂണിറ്റുകളും കാത്ത് ലാബ് അടക്കമുളള റേഡിയേഷൻ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങളും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന ഉത്തരവിനെത്തുടർന്നാണ് പരിശോധനാ റിപ്പോർട്ട് ഫയൽ ചെയ്തത്.
എക്സ്റേ, റേഡിയേഷൻ സ്ഥാപനങ്ങളിലെ റേഡിയേഷൻ പരിശോധിക്കാത്തതുമൂലം ജോലി ചെയ്യുന്നവർക്കും രോഗികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് ആരോപിച്ച് കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവുണ്ടായത്.
ഡയറക്ടർ ഓഫ് റേഡിയേഷൻ സേഫ്റ്റിക്കുവേണ്ടി ഡയറക്ടർ കെ.എ. ഡേവിഡ് ഹാജരാക്കിയ മറുപടിയിലാണ് കേരളത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന എക്സ്റേ യൂണിറ്റുകൾ, സി.ടി, കാത്ത്ലാബ് എന്നിവയെ ക്കുറിച്ചുളള വിവരങ്ങൾ വെളിപ്പെടുത്തിയത്.
വിദേശരാജ്യങ്ങളിൽ ഉപയോഗിച്ചു പുറന്തള്ളിയ എക്സ്റേ യൂണിറ്റുകളും മറ്റും നമ്മുടെ നാട്ടിൽ ഇറക്കുമതി ചെയ്ത് പ്രവർത്തിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എഇആർബിയുടെ പരിശോധന നടക്കുന്നില്ല. ഇതുമൂലമാണ് അനധികൃതമായ എക്സ്റേ, സി.ടി, കാത്ത്ലാബ് എന്നിവയ്ക്കെതിരെ നടപടിയെടുക്കുവാൻ സാധിക്കാത്തതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എക്സ്റേ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്ന ജീവനക്കാർക്കു റേഡിയേഷൻ പരിശോധിക്കുന്ന ടി.എൽ.ഡി. ബാഡ്ജുകൾ കൊടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 2017 ജനുവരിക്കുശേഷം ഡിആർ.എസ് കേരളയും എഇആർബിയും തമ്മിൽ കരാർ ഇല്ലാത്തതുമൂലം അനധികൃത എക്സ്റേ യൂണിറ്റുകൾക്കെതിരെ നടപടി എടുക്കാൻ സാധിക്കുന്നില്ലെന്നും പറയുന്നു.