സ്വന്തം ലേഖകന്‍
തൃശൂര്‍: നിറങ്ങളായ നിറങ്ങളെല്ലാം ചിന്നിച്ചിതറിച്ച് ഒരു ചിത്രപ്രദര്‍ശനം… സ്കാറ്റേഡ് എന്നു പേരിട്ടിരിക്കുന്ന, ചിത്രകലാധ്യാപകന്‍ ഗോപിമാഷെന്ന് എല്ലാവരും വിളിക്കുന്ന ഗോപി പി.എസിന്റെ ചിത്രപ്രദര്‍ശനം പേരിനോടു ചേര്‍ന്നുനില്‍ക്കുന്ന നിറക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. നിറങ്ങളില്‍ മുങ്ങിനീരാടിയതാണ് ഓരോ ചിത്രവും.
കാന്‍വാസില്‍ ചിന്നിച്ചിതറിക്കിടക്കുന്ന നിറങ്ങളില്‍നിന്ന് ഓരോചിത്രവം രൂപമെടുക്കുന്നതു കൗതുകം പകരുന്നു. പല സെക്ഷനുകളായി ആകെ 63 ചിത്രങ്ങളാണ് ലളിതകലാ ആര്‍ട്ട് ഗാലറിയിലെ പ്രദര്‍ശനത്തിലുള്ളത്.ജലസ്രോതസുകളുടെ സൗന്ദര്യവും പ്രാധാന്യവും അവ നശിക്കാതെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഈ ചിത്രങ്ങളില്‍ കാണാം. നിറങ്ങള്‍ ഒഴുകിപ്പരന്നു ചിത്രങ്ങളായതാണോ എന്നു തോന്നുംവിധമാണ് ജലത്തെ ഗോപി എന്ന ചിത്രകാരന് കാന്‍വാസിലേക്കു പകര്‍ത്തിയിരിക്കുന്നത്.
പതിവു ചിത്രരചനാ സങ്കേതങ്ങളില്‍നിന്നും രീതികളില്‍നിന്നും ചിത്രകാരന് മാറിനടക്കുന്നതു ചിത്രങ്ങളില്‍ കണ്ടറിയം.
ജലത്തിന്റെ പ്രാധാന്യം പോലെതന്നെ തന്നെ കാലാവസ്ഥാ വ്യതിയാനം, പഴയതിനു പകരമായി പുതിയ കാലത്ത് ഉപയോഗിക്കുന്ന വസ്തുക്കളുടെ ദോഷങ്ങള്‍, മാര്ബളിംഗ് എന്നിങ്ങനെ പലതായി പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നു.
ഇനാമല്‍ പെയിന്റിന്റെ വിവിധ നിറങ്ങള്‍ വെള്ളത്തില്‍ കലര്‍ത്തി അതിനു മുകളില്‍ കാന്‍വാസ് ഒന്നു മുക്കിയെടുത്ത് ഉണക്കി കാന്‍വാസില്‍ ഉണങ്ങിപ്പിടിച്ച അവ്യക്തമായ രൂപത്തില്‍നിന്നും രൂപങ്ങള്‍ മെനയുന്ന മാര്ബളിംഗ് എന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുള്ള ചിത്രങ്ങള്‍ കൗതുകം പകരും. മേഘങ്ങള്‍ മനുഷ്യന്റെയും മൃഗങ്ങളുടേയും രൂപം കൈക്കൊള്ളുംപോലെ നിറങ്ങളുടെ ചിത്രമേഘങ്ങള്‍…
കരിക്കും കോളയും വെള്ളം തേവുന്ന തൊട്ടിയും മോട്ടോറും തുടങ്ങിയ ചിത്രങ്ങള്‍ പോയകാല സൗഭാഗ്യത്തെയും പുതിയ കാല രീതികളേയും കോര്‍ത്തിണക്കുന്നു.തൃശൂര്‍ ജില്ലയിലെ പോട്ടോര്‍ സ്വദേശിയായ കളരിക്കല്‍ വീട്ടില്‍ ഗോപി പി.എസ്. ഫൈന്‍ ആര്‍ട്സ് കോളജില്‍നിന്ന് അഞ്ചുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി 32 വര്‍ഷത്തോളം വിവിധ സ്കൂളുകളില്‍ ചിത്രകലാ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
വാട്ടര്‍ കളർ, ഓയില്‍ പേസ്റ്റ്, അക്രിലിക് ഇനാമല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന മാധ്യമങ്ങള്‍ പ്രദര്‍ശനത്തിലുള്ള ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ക്കൊന്നും തലക്കെട്ടോ അടിക്കുറിപ്പോ ഇല്ല. കാണുന്ന മാത്രയില്‍തന്നെ കണ്ണിലും മനസിലും പതിയുന്നവയാണ് ഓരോ ചിത്രവും.
31 വരെയാണ് ചിന്നിച്ചിതറിയ ഈ നിറക്കൂട്ടുകളുടെ പ്രദര്‍ശനമുള്ളത്. കൊടുംവേനലില്‍ പൊള്ളിയുരുകുമ്പോള്‍ പ്രകൃതി നമുക്കു തന്നതും നമ്മളായി ഇല്ലാതാക്കിയതുമായ പ്രകൃതിസമ്പത്തിന്റെ ഓര്മപ്പെടുത്തലുകള് കൂടിയാവുകയാണ് ഗോപിമാഷിന്റെ ചിത്രങ്ങള്‍.