ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തിനുള്ളിൽ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വഴിയോര കച്ചവടക്കാർക്ക് ഇനിമുതൽ വ്യാപാരം നടത്താൻ അനുമതി ഉണ്ടാകില്ല. ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നഗരപരിധിയിലെ വഴിയോര കച്ചവടക്കാരുടെ കണക്കെടുപ്പ് നഗരസഭ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇവർക്ക് തിരിച്ചറിയൽ കാർഡ് നല്‍കുകയും കച്ചവടത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇവർക്കു മാത്രമേ ഇനിമുതൽ നഗരത്തിൽ വഴിയോര കച്ചവടത്തിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ. തിരിച്ചറിയൽ കാർഡില്ലാതെ കച്ചവടം നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാനാണ് തീരുമാനം. നഗരസഭാ സെക്രട്ടറി അധ്യക്ഷയായ ടൗണ്‍ വെൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടപടികൾ.
കണക്കെടുപ്പും അപേക്ഷ സ്വീകരിക്കലും പൂർത്തിയാക്കി സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നല്‍കിയിട്ടുള്ളത്.നേരത്തെ ആറുമാസംമുന്പ് നഗരസഭ വഴിയോര കച്ചവടക്കാരുടെ കണക്കെടുപ്പ് നടത്തുകയും കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു ഇതിനുശേഷവും ഒട്ടേറെ കച്ചവടക്കാർ പലയിടത്തും സ്ഥാനം പിടിച്ച സാഹചര്യത്തിലാണ് വീണ്ടും കണക്കെടുപ്പ് നടത്താൻ തീരുമാനം കൈക്കൊണ്ടത്.
നേരത്തെ 106 പേർക്കാണ് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തത്. ഇനിയുള്ള കച്ചവടക്കാർക്കും കാർഡുകൾ നല്‍കും. നടപടികൾ പൂർണമായും നടപ്പാക്കി കഴിഞ്ഞാൽ കാർഡില്ലാതെ പാതയോരങ്ങളിൽ കച്ചവടം നടത്താൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
ഗതാഗതതടസം ഇല്ലാത്തവിധം കച്ചവടക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് നഗരസഭ ഒറ്റപ്പാലം നഗരസഭയുടെ ഗതാഗതക്കുരുക്കിന് അനധികൃത വഴിവാണിഭം കാരണമാകുന്നുണ്ട്. കാർഡുകൾ നല്‍കുന്നതോടെ ഇത്തരക്കാരുടെ ശല്യം ഒഴിവാക്കാനുമാകും. ല