ന്യൂഡൽഹി: ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ശരവണ ഭവൻ ഹോട്ടൽ ശൃംഖല ഉടമ പി. രാജഗോപാലിന്റെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു. രാജഗോപാലിനോട് കീഴടങ്ങാനും കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രാ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് രാജഗോപാൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നിലവിൽ സുപ്രീം കോടതിയുടെ ജാമ്യത്തിലാണ് രാജഗോപാൽ. ജൂലൈ ഏഴോടെ കീഴടങ്ങാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
2001 ൽ ആണ് ശരവണ ഭവൻ ഹോട്ടൽ ജീവനക്കാരൻ ശാന്തകുമാർ കൊല്ലപ്പെടുന്നത്. കോഡായികനാൽ വനമേഖലയിലെ പെരുമാൾമലയിലാണ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ വിവാഹം ചെയ്യാനുള്ള മോഹമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ശരവണ ഭവൻ ചെന്നൈ ശാഖയിലെ അസിസ്റ്റന്റ് മാനേജരുടെ മകളായിരുന്നു ജീവജ്യോതി. ഇവരെ വിവാഹം ചെയ്യണമെന്ന് രാജഗോപാൽ ആഗ്രഹം പ്രകടിപ്പിച്ചു. ആ സമയം രണ്ട് ഭാര്യമാരുണ്ടായിരുന്ന രാജഗോപാലിന്റെ അഭ്യർഥന ജീവജ്യോതി നിരസിച്ചു. പിന്നീട് ശാന്തകുമാറിനെ ജീവജ്യോതി വിവാഹം ചെയ്തു. ഇതിനു ശേഷം വിവാഹത്തിൽനിന്നും പിൻമാറാൻ രാജഗോപാൽ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. രാജഗോപാലും കൂട്ടാളികളും തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് 2001 ൽ ദമ്പതികൾ പോലീസിൽ പരാതിപ്പെടുകയും ചെയ്തു.
പരാതിപ്പെട്ടതിനു പിന്നാലെ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്. ഡൽഹി ഉൾപ്പെടെ രാജ്യത്ത് 25 റസ്റ്ററന്റുകളാണ് ശരവണ ഭവനുള്ളത്. യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ശാഖകളുണ്ട്.