കണ്ണൂർ: താൻ ഇതുവരെ മത്സരിച്ച ഒൻപതു തെരഞ്ഞെടുപ്പുകളിൽ ഏറ്റവും ആത്മവിശ്വാസം നൽകുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്. മണ്ഡലത്തിലെ പൊതുപ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് തളാപ്പ് സുന്ദരേശ്വര പരിസരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വം നിലനിർത്തുന്നതിനും അക്രമരാഷ്ട്രീയത്തിനുമെതിരേ ജനം വിധിയെഴുതും. ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും നടത്തിയ ഇരട്ടത്താപ്പിനെതിരേ കേരളത്തിലെ വോട്ടർമാർ യുഡിഎഫിന് അനുകൂലമായി വിധിയെഴുതും. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ശബരിമല വിഷയത്തിന് അനുകൂലമായ വിധിയെഴുത്തുണ്ടാകും.
യുവജനങ്ങൾ രാജ്യത്ത് മതേതരത്വം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജാഗരൂകരാണ്. അതും തനിക്ക് അനുകൂലമായി മാറുമെന്നും സുധാകരൻ പറഞ്ഞു. ക്ഷേത്രദർശനത്തിനുശേഷം ഭക്തരേയും സമീപവാസികളെയും കണ്ടാണ് പ്രചാരണപരിപാടികൾക്കു തുടക്കമായത്.
തുടർന്ന് തളാപ്പ് ക്ഷേത്രത്തിനു മുന്നിൽ നടന്ന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുൾഖാദർ മൗലവി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ പി.ടി. ജോസ്, സതീശൻ പാച്ചേനി, കെ. സുരേന്ദ്രൻ, എ.പി. അബ്ദുള്ളക്കുട്ടി, സി.എ. അജീർ, വി.പി. വന്പൻ, ഇല്ലിക്കൽ ആഗസ്തി തുടങ്ങിയവർ പ്രസംഗിച്ചു.