പെരുമ്പാമ്പിൻകുഞ്ഞിനെ പോക്കറ്റിലിട്ട് മോഷ്ടിച്ചുകൊണ്ട് പോയയാളെ തേടി പോലീസ്. അമേരിക്കയിലെ റോക്വുഡിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന ഐ ലവ് മൈ പെറ്റ്സ് എന്ന കടയിൽ നിന്നാണ് പെരുമ്പാമ്പിൻകുഞ്ഞ് മോഷണം പോയത്.
വളർത്ത് മൃഗങ്ങളെ വാങ്ങുവാനെന്ന വ്യാജേന ഇവിടെ എത്തിയ ഇയാൾ കൂടിനുള്ളിൽ കിടന്ന നാല് അടി നീളമുള്ള പാമ്പിനെ കൈക്കലാക്കുകയായിരുന്നു. മാത്രമല്ല പാമ്പിനെ പാന്റ്സിന്റെ പോക്കറ്റിൽ ഇട്ട് കൊണ്ടുപോകുകയും ചെയ്തു.
പാമ്പിനെ കാണാനില്ലെന്ന് മനസിലാക്കിയ ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്. ഇയാൾ പാമ്പിനെ മോഷ്ടിച്ചുകൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.