പകല്‍ വീട്ടില്‍ തന്നെ തങ്ങും, പാതിരാത്രിയാകുന്നതോടെ അരുണും യുവതിയും കുട്ടികളെ ഒഴിവാക്കി കാറില്‍ എങ്ങോട്ടോ പോകും, തിരിച്ചെത്തുന്നത് പുലര്‍ച്ചെ, അരുണിന്റെയും യുവതിയുടെയും അയല്‍വാസികള്‍ക്ക് പറയാനുള്ളത് ഇതൊക്കെ
ജോലിക്കൊന്നും പോകുന്നില്ലെങ്കിലും അടിച്ചു പൊളിച്ചുള്ള ആര്‍ഭാട ജീവിതം, അയല്‍വാസികളുമായും മറ്റും അധികം അടുപ്പമില്ല. പകല്‍ സമയങ്ങളില്‍ വീടിനുള്ളില്‍ തന്നെ കഴിയും. രാത്രികാലങ്ങളില്‍ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്ത് ചുറ്റിയടിക്കും. ഇതായിരുന്നു കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ പോലീസ് പിടിയിലായ അരുണിന്റെയും കുട്ടികളുടെ മാതാവിന്റെയും ജീവിതം. പല വഴികളിലൂടെയും പണം എത്തിയിരുന്നതായാണ് സൂചനകള്‍.
ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഇവരെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയ അരുണ്‍ പിന്നീട് ഇവര്‍ക്കൊപ്പം താമസമുറപ്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം പോയതോടെ യുവതിക്ക് അവരുടെ വീട്ടുകാരോട് കാര്യമായ ബന്ധമില്ലാതെയായി. ഒരു മാസം മുന്‍പാണ് തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്തുള്ള ഇരുനില വീട്ടില്‍ ഇവര്‍ താമസത്തിനെത്തിയത്. എന്നാല്‍ ഒരു മാസത്തോളമായിട്ടും ഇവര്‍ അയല്‍വാസുകളുമായി കാര്യമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല.
പകല്‍ മുഴുവന്‍ ഇവര്‍ വീട്ടില്‍ കാണാറുള്ളതായി വീടിന്റ മുകള്‍ നിലയില്‍ താമസിക്കുന്ന സ്വകാര്യ ടെലികോം കമ്പനിയില്‍ ഉദ്യോഗസ്ഥനായ യുവാവ് പറയുന്നു. കുട്ടികളെ പോലും മറ്റുള്ളവരെ കാണുന്നതില്‍ നിന്നും വിലക്കിയിരുന്നു. അവരെ വീടിനു മുറ്റത്ത് ഓടിക്കളിക്കുന്നതു കാണാറായിരുന്നെങ്കിലും സംസാരിച്ചിട്ടില്ലെന്നു യുവാവ് പറഞ്ഞു. രാത്രികാലങ്ങളില്‍ കാറില്‍ കറക്കവും മറ്റും പതിവായതോടെ നാട്ടുകാര്‍ ഇവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.
സംഭവ ദിവസം രാത്രി പുറത്തു പോയപ്പോള്‍ പോലീസ് പട്രോളിംഗ് സംഘവും ഇവരെ ശ്രദ്ധിച്ചിരുന്നു. സാധാരണയായി യുവതിയാണ് കാറോടിച്ചിരുന്നത്. ദുരൂഹത നിറഞ്ഞ ഇവരുടെ ജീവിതത്തെക്കുറിച്ച് ഇരുവരുടെയും ബന്ധുക്കള്‍ക്കും കാര്യമായ അറിവില്ല. മദ്യവും ലഹരി മരുന്നുകളും ഇയാള്‍ പതിവായി ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. ദിവസേന ഒന്നര ലിറ്ററോളം മദ്യം ഉപയോഗിച്ചിരുന്നതായാണ് വിവരം. മുന്‍പ് തിരുവനന്തപുരത്ത് റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയ ലഭിച്ചിരുന്ന പണം ആര്‍ഭാട ജിവിതത്തിന് ഉപയോഗിക്കുകയായിരുന്നു.