തിരുവനന്തപുരം: കടയ്ക്കാവൂരിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിൽ യുവാവിനെ മാതൃസഹോദരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കടയ്ക്കാവൂർ വെള്ളിപ്പാട്ടുമൂല കൊച്ചുതെങ്ങുവിള വീട്ടിൽ വിനോദ് (35) ആണ് മരിച്ചത്. സംഭവത്തിൽ മാതൃസഹോദരൻ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. അശോകന്റെ വീടിനു സമീപം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തർക്കത്തിനൊടുവിൽ അമ്മാവനായ അശോകൻ തന്റെ അനന്തരവൻ വിനോദിനെ കന്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനുശേഷം നാട്ടുകാർ അശോകനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കടയ്ക്കാവൂർ പോലീസും നാട്ടുകാരും ചേർന്ന് വിനോദിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയ്ക്കാവൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തടി മോഷണമുൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് അശോകൻ.