കാലടി: കാലടി ടൗണിൽ നടക്കുന്ന ശ്രീ ശങ്കര വാക്ക് വേ നിർമാണത്തിന്റെ ഭാഗമായി പൊള്ളുന്ന ചൂടിനെ അവഗണിച്ച് നട്ടുച്ചയ്ക്ക് പണിയെടുത്ത തൊഴിലാളികൾക്ക് ആശ്വാസമായി ലേബർ വകുപ്പിന്റെ ഇടപെടൽ. ദിനംപ്രതി നിരവധി പേർക്ക് കാലടി മേഖലയിൽ സൂര്യാതപമേൽക്കുന്നതായി റിപ്പോർട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ജില്ലാ ലേബർ ഓഫീസറുടെ നിർദേശപ്രകാരം ലേബർ ഓഫീസർ ഷാജനും, കെ.എ. ജയപ്രകാശനും ഉൾപ്പെടുന്ന സംഘം പരിശോധനയ്ക്കെത്തിയത്. ഈ സമയം കാലടി പോലീസ് സ്റ്റേഷനു സമീപം ശൃംഗേരി മഠം റോഡിൽ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ പണിയെടുക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടനെ ബന്ധപ്പെട്ട കരാറുകാരെ വിളിച്ചുവരുത്തി പണികൾ നിർത്തിവയ്ക്കാനും രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയങ്ങളിൽ വെയിലത്തുള്ള പുറംജോലികൾ തൊഴിലാളികളെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്ന് കർശന നിർദേശവും നൽകി.
നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് ലേബർ ഓഫീസർക്കും ആരോഗ്യവകുപ്പിനും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കരാറുകാരന് ബന്ധപ്പെട്ട വകുപ്പിൽനിന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെ വെയിലത്തു പണിയെടുപ്പിച്ചതാണ് നടപടിക്ക് കാരണമായത്.
കാലടി ടൗണിലും ഇതേ രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ശ്രീ ശങ്കര വാക്ക് വേ പദ്ധതിയുടെ നടത്തിപ്പ് ചുമതല കെല്ലിനാണെങ്കിലും കെല്ല് സ്വകാര്യ കരാറുകാരെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ഏൽപ്പിച്ചിരിക്കുന്നത്. ഇവരുടെ കീഴിലാണ് ഇപ്പോൾ തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.