തൃശൂർ: സ്വർണം കവരാൻ ഉറ്റബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മൂന്നുജീവപര്യന്തം തടവും പിഴയും. ഇരിങ്ങാലക്കുട കണ്ഠേശ്വരം പണ്ഡാരത്ത് സ്വർണാഭരണ നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ ഹൗറ ജില്ലക്കാരനായ ജാദബ് കുമാർ ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവും ബംഗാൾ ഹൗറ ജില്ലയിൽ ശ്യാംപൂർകാന്തിലാബാർ സ്വദേശിയായ അമിയ സാമന്ത(38)യെ ശിക്ഷിച്ചത്.
തൃശൂർ അഡീഷണൽ ജില്ല ജഡ്ജ് നിസാർ അഹമ്മദാണ് ട്രിപ്പിൾ ജീവപര്യന്തമെന്ന അപൂർവ ശിക്ഷ വിധിച്ചത്. കൊലപാതകം, ഭവനഭേദനം, സ്വർണക്കവർച്ച എന്നീ മൂന്നു കുറ്റകൃത്യങ്ങൾക്കാണ് മൂന്ന് ജീവപര്യന്തം വിധിച്ചത്. അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. 27 വെട്ടുംകുത്തുമാണ് കൊല്ലപ്പെട്ടയാളുടെ ശരീരത്തിലുണ്ടായിരുന്നത്.
ദൃക്സാക്ഷികളാരും ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനകളിലും അന്വേഷണത്തിലുമാണ് പ്രോസിക്യൂഷൻ വാദം നടത്തി വിജയിച്ചത്. ഏറെ ശ്രമകരമായ ദൗത്യമായിരുന്നിട്ടുപോലും പ്രതിക്ക് ശിക്ഷ നേടിക്കൊടുക്കാൻ കഴിഞ്ഞത് പ്രോസിക്യൂഷന്റെ മികവായി.
2012ലാണ് കേസിനാസ്പദമായ സംഭവം. ഇരിങ്ങാലക്കുട കണ്ഠേശ്വരം പണ്ഡാരത്ത് സ്വർണാഭരണ നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന ജാദബിന്റെ അടുത്ത ബന്ധുവായ പ്രതിയും ഏതാനും നാൾ ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. പിന്നീട് പ്രതി നാട്ടിലേക്കു മടങ്ങിപ്പോയി.
സംഭവത്തിന് അഞ്ചു ദിവസം മുൻപ് 215 ഗ്രാം വരുന്ന സ്വർണക്കട്ടി, ആഭരണങ്ങൾ പണിയുന്നതിനായി ഉടമ കൊല്ലപ്പെട്ട ജാദബ് കുമാർ ദാസിനെ ഏൽപ്പിച്ചിരുന്നു. ആഭരണ നിർമാണം നടന്നു കൊണ്ടിരിക്കെ പ്രതി ജാദബ് കുമാർ ദാസിന്റെ താമസസ്ഥലത്ത് എത്തി. തുടർന്ന് അടുത്ത ദിവസം രാത്രിയിൽ ജാദബിനെ കൊലപ്പെടുത്തി സ്വർണവുമായി മുങ്ങുകയായിരുന്നു. സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
അന്വേഷണത്തിൽ പഞ്ചിമബംഗാളിൽ നിന്നു പിടിയിലായ പ്രതിയിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണവും കണ്ടെത്തിയിരുന്നു. ഇരിങ്ങാലക്കുട സിഐ ടി.എസ്. സിനോജാണ് കേസന്വേഷണം നടത്തിയത്.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അമീർ, കെ.എം. ദിൽ എന്നിവർ ഹാജരായി.