തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്തു സ്കൂളുകളിൽ ക്ലാസുകൾ നടത്തരുതെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. സംസ്ഥാനത്തു കൊടുംചൂടും അത്യുഷ്ണവും അനുഭവപ്പെടുന്ന സാഹചര്യത്തിലാണു പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ ഉത്തരവ്.
സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്ക് അവധി ബാധകമാണ്. ബാലാവകാശ സംരക്ഷണ കമ്മീഷൻ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്.
അവധിക്കാലത്തു ക്യാന്പുകളും ശില്പശാലകളും പരമാവധി 10 ദിവസത്തിൽ കൂടുതൽ പാടില്ല. വിദ്യാഭ്യാസ ഓഫീസറിൽനിന്നു അനുമതി വാങ്ങിയ ശേഷം മാത്രമേ ക്യാന്പുകൾ നടത്താവൂ. ഓഫീസർ സ്കൂൾ സന്ദർശിച്ചു ശുദ്ധജലം, ഭക്ഷണം, ഫാൻ, ടോയ്ലറ്റ് തുടങ്ങിയവ ഉറപ്പാക്കിയ ശേഷമേ അനുമതി നൽകാവൂ.
കുട്ടികൾക്കു വേനൽച്ചൂടിന്റെ ആഘാതമുണ്ടാകാതെ സൂക്ഷിക്കാൻ സ്കൂൾ അധികൃതരും ക്യാന്പ് സംഘാടകരും ശ്രദ്ധ പുലർത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.