ന്യൂഡൽഹി: രണ്ടാഴ്ച നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആ നിർണായ തീരുമാനം കോണ്‍ഗ്രസ് പാർട്ടി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും. ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, കോൺഗ്രസ് വക്താവ് രൺദീപ്സിംഗ് സുർജേവാല, കെ.സി. വേണുഗോപാൽ എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഞായറാഴ്ച രാവിലെ രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എ.കെ. ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ മാധ്യമങ്ങളെ കണ്ട് തീരുമാനം അറിയിച്ചത്. ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യം രാഹുൽ അംഗീകരിക്കുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞു.
ദക്ഷിണേന്ത്യയിൽനിന്നുകൂടി താൻ മത്സരിക്കണമെന്ന ആവശ്യം ന്യായമെന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിൽ ആകെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ വേഗം തീരുമാനമെടുക്കണമെന്നു മുസ്ലിംലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം ഉണ്ടായത്.