മാലിന്യം ലാവിഷായി എറിയാവുന്ന റോഡായി മാറിയ എംഎൽഎ റോഡ് ട്രാഷ് ടാഗ് ചലഞ്ചിലൂടെ വൃത്തിയാക്കി ഒരു കൂട്ടം ചെറുപ്പക്കാർ. വിദ്യ എൻജിനീയറിംഗ് കോളജിലെ പൂർവ വിദ്യാർഥികളും എൻഎസ്എസ് വളണ്ടിയർമാരുമായിരുന്ന ചെറുപ്പക്കാരാണ് അവരുടെ വാട്സാപ്പ് കൂട്ടായ്മയിൽ തുടങ്ങിയ ചർച്ചക്കൊടുവിൽ ട്രാഷ് ടാഗ് ചാലഞ്ച് എന്ന ആശയത്തിലേക്ക് എത്തിയത്.
വൃത്തിഹീനമായതും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞതുമായ സ്ഥലം ശുചിയാക്കുകയെന്നതാണ് ട്രാഷ് ടാഗ് ചലഞ്ചുകൊണ്ട് ഇവർ ലക്ഷ്യമിടുന്നത്. മാലിന്യം കുന്നുകൂടിയ എംഎൽഎ റോഡിനെക്കുറിച്ച് ചിത്രം സഹിതം രാഷ്ട്രദീപിക കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. മാലിന്യം നിറഞ്ഞ സ്ഥലത്തിന്റെ ചിത്രവും മാലിന്യം നീക്കി വൃത്തിയായ സ്ഥലം അപകടം നിറഞ്ഞതും യാതൊരു ഗുണവുമില്ലാത്തതുമായ പല തരം ചലഞ്ചുകൾ കണ്ട സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തമാവുകയാണ് ട്രാഷ് ടാഗ് ചലഞ്ച്.
പ്രകൃതിയെ സംരക്ഷിക്കുകയെന്ന ദൗത്യം യുവതലമുറയെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതാണ് ഈ ചലഞ്ചെന്ന് ഇതിന് തുടക്കമിട്ടവർ പറയുന്നു. പ്രകൃതി-പരിസ്ഥിതി സ്നേഹികളായ നിരവധിപേർ ട്രാഷ് ടാഗ് ചലഞ്ചിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ചലഞ്ച് ഏറ്റെടുക്കാൻ ക്ഷണിച്ചുകൊണ്ടുള്ള വാചകങ്ങളും ഫോട്ടോയ്ക്കൊപ്പം പോസ്റ്റു ചെയ്യാം.
മാലിന്യസംസ്കരണം വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ ഇത്തരം ചലഞ്ചിലൂടെ മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുകയാണെങ്കിൽ അത് കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തൃശൂർ കോർപറേഷൻ ഈ ചലഞ്ചിനോട് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എംഎൽഎ റോഡിൽനിന്നും മറ്റും ട്രാഷ് ടാഗ് ചലഞ്ചിലൂടെ നീക്കം ചെയ്ത മാലിന്യം കോർപറേഷനിലെ ശുചീകരണ വിഭാഗത്തിന് കൈമാറിയിരുന്നു. ഈ ചലഞ്ച് ഏറ്റെടുത്ത് ശുചീകരണത്തിന് മുന്നോട്ടുവരുന്നവർക്ക് എല്ലാ സഹകരണവും കോർപറേഷൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പി.ജി. അരുണ്, ആർ.വി. അരവിന്ദ്, കവിത ഗോപിനാഥ്, സി.എം. ഗ്രീഷ്മ, ടി.അലീന സേവ്യർ, രാഹുൽ ഗിരീഷ് എന്നിവരാണ് ട്രാഷ് ടാഗ് ചലഞ്ച് എന്ന ആശയത്തിന് പിന്നിലുള്ളത്.