സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൊടുപുഴയിൽ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ പ്രതി അരുണ്‍ ആനന്ദിന് ഗുണ്ടാ സംഘങ്ങളുമായും ബന്ധമുണ്ടെന്ന് പോലീസ്. കൊലക്കേസ് ഉൾപ്പെടെ ആറോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് അരുണെന്ന് പോലീസ് വ്യക്തമാക്കി. നഗരത്തിലെ പല കുപ്രസിദ്ധ ഗുണ്ടകളുമായി അരുണിന് അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അരുണിനെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടൊയെന്ന് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശി വിജയരാഘവനെ കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതിയായിരുന്നു അരുണ്‍ ആനന്ദ്. 2008 ൽ ആയിരുന്നു വിജയരാഘവന്റെ കൊലപാതകം. എന്നാൽ കേസിന്റെ വിചാരണ വേളയിൽ തെളിവുകളുടെ അഭാവത്തിൽ അരുണിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മൂന്ന് ക്രിമിനൽ കേസുകളും ഫോർട്ട് പോലീസ് സ്റ്റേഷനിൽ രണ്ടും വലിയതുറ പോലീസ് സ്റ്റേഷനിൽ ഒരു കേസും ഇയാൾക്കെതിരെ നിലവിലുണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അടിപിടി വധശ്രമം, സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ അരുണ്‍ തിരുവനന്തപുരം നന്ദൻകോട് സ്വദേശിയാണ്. നേരത്തെ ബാങ്ക് ജീവനക്കാരനായിരുന്ന അരുണ്‍ ഇപ്പോൾ ഏറെക്കാലമായി തിരുവനന്തപുരത്ത് നിന്നും മാറിയാണ് താമസിച്ച് വന്നിരുന്നത്. ഏഴ് വയസുകാരനായ കുട്ടിയോട് ക്രൂരത കാട്ടിയ അരുണിനെതിരെ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
ഉന്നത കുടുംബത്തിലെ അംഗമായ അരുണിന്റെ പിതാവ് ബാങ്ക് ജീവനക്കാരനായിരുന്നു. സർവീസിലിരിക്കെ അദ്ദേഹം മരണമടഞ്ഞതിനെ തുടർന്ന് ആശ്രിത നിയമനമായി അരുണിന് ബാങ്കിലെ ജോലി നൽകിയിരുന്നു. എന്നാൽ ഇയാൾ ജോലി ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് ചുവട് മാറ്റുകയായിരുന്നു. അരുണിന്റെ ബന്ധുവിന്റെ മകനെയാണ് ഇന്നലെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്. ബന്ധുവായ യുവാവ് മരണമടഞ്ഞതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ബന്ധുവിന്റെ ഭാര്യയും അരുണും കുട്ടികളും ഒരുമിച്ചാണ് താമസിച്ച് വന്നിരുന്നത്.