കുറ്റ്യാടി: വിവാഹവേദിയിൽ വടകര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ എത്തിയപ്പോൾ വിവാഹ ചടങ്ങുകൾക്കൊപ്പം കാരുണ്യ ഹസ്തവുമായി വരൻ.
ദേവർ കോവിലെ സാമൂഹ്യ സന്നദ്ധ പ്രവർത്തന രംഗങ്ങളിലെ നിറസാന്നിധ്യവും ജീവകാരുണ്യ പ്രവർത്തകനുമായ കെ.പി. കുഞ്ഞമ്മദിന്റെ മകൻ അവാദ് അഹമ്മദിന്റെ നിക്കാഹ് ചടങ്ങിൽ കായക്കൊടി പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കായക്കൊടി ജിസിസി, കെഎംസിസിയുടെ സ്പർശം പെയിൻ ആന്‍ഡ് പാലിയേറ്റീവ് മംഗല്യസ്പർശം പദ്ധതിയിലേക്കാണ് വിവാഹ സത്കാരത്തിന്റെ ഭാഗമായി സംഭാവന നൽകിയത്.
മംഗല്യസ്പർശം പദ്ധതിയിലൂടെ കിടപ്പിലായ രോഗികൾക്ക് മരുന്നും ഭക്ഷണവും ഉൾപ്പടെ എല്ലാ സഹായങ്ങളും കൂട്ടായ്മ പ്രവർത്തകർ ചെയ്തു വരുന്നു. മംഗല്യസ്പർശത്തിലേയ്ക്കുള്ള സംഭാവന പി.കെ. കുഞ്ഞമ്മദ്, അവാദ് അഹമ്മദ് എന്നിവരിൽ നിന്നും കെ. മുരളീധരൻ ഏറ്റു വാങ്ങി.
ചടങ്ങിൽ സൂപ്പി നരിക്കാട്ടേരി, പി. അമ്മദ്, വി.പി. കുഞ്ഞബ്ദുള്ള, പി.പി. ദിനേശൻ, ഇല്ലത്ത് അസീസ്, പി.കെ. ഹമീദ്, പി.വി. കുഞ്ഞബ്ദുള്ള, ടി.എം. ബഷീർ, ഇ. മുഹമ്മദ് ബഷീർ, എ.എഫ്. റിയാസ്, ടി. സൈനുദീൻ, എ.കെ.കെ. തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.