മര്‍ദനമേറ്റ കുട്ടിയുടെ അമ്മയായ യുവതി ഭയക്കുന്ന എന്തോ രഹസ്യം അരുണിന്റെ കൈവശമുണ്ട്, ഭര്‍ത്താവ് ബിജുവിന്റെ മരണത്തിനുശേഷം അരുണിന്റെയും യുവതിയുടെയും രാത്രി യാത്രകള്‍ ദുരൂഹം, ബിജുവിന്റെ മരണശേഷം യുവതി ഉപയോഗിച്ചു കൊണ്ടിരുന്ന ഫോണും മാറ്റി!!

തൊടുപുഴയില്‍ അരുണ്‍ ആനന്ദ് ഏഴുവയസുകാരനെ മൃഗീയമായി മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ നീക്കങ്ങള്‍ പലതും യുക്തിക്കു നിരക്കാത്തതും ദുരൂഹതകള്‍ ഒളിപ്പിച്ചതും. കുട്ടിയെ ആക്രമിച്ച കേസില്‍ കൂട്ടുപ്രതിയായ യുവതിക്കെതിരേയും കേസെടുത്ത പോലീസ് ഭര്‍ത്താവ് ബിജുവിന്റെ മരണത്തിലും അേേന്വഷണം നടത്തുമെന്ന് വ്യക്തമാക്കി. മണക്കാട് കല്ലാട്ടുമുക്ക് ബാബുവിന്റെയും രമണിയുടെയും മകനാണ് ബിജു. കഴിഞ്ഞമര്‍ഷം മേയ് 23നാണ് ബിജു ദുരൂഹസാഹചര്യത്തില്‍ മരണമടയുന്നത്.

ഹൃദയാഘാതമെന്നാണ് ഇയാളുടെ ഭാര്യ പറഞ്ഞിരുന്നത്. പിന്നീട് കാമുകനായ അരുണിനൊപ്പം ഒളിച്ചോടിയ യുവതി പറഞ്ഞ വിവരം മാത്രമാണ് ഇക്കാര്യത്തില്‍ ബിജുവിന്റെ വീട്ടുകാര്‍ക്കുമുള്ളത്. യുവതിയുടെ ഉടുമ്പന്നൂരിലെ വീട്ടില്‍ വച്ചായിരുന്നു ബിജുവിന്റെ മരണം. ഭക്ഷണശേഷം അസ്വസ്ഥത അനുഭവപ്പെട്ട ബിജുവിനെ യുവതി ആശുപത്രിയിലേക്ക് തനിച്ച് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടെന്നാണ് വീട്ടുകാരോട് യുവതി പറഞ്ഞിരുന്നത്.

അന്ന് ബിജുവിന്റെ മരണത്തില്‍ ചില സുഹൃത്തുക്കളും ചുരുക്കം ചില ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ പരാതികളോ സംശയങ്ങളോ ഉണ്ടാകാതിരുന്നതോടെ കാര്യങ്ങള്‍ അവിടെ അവസാനിച്ചു. ബിജു മരിച്ചതിന് പിന്നാലെ അരുണ്‍ ഉടുമ്പന്നൂരിലെ വീട്ടില്‍ സ്ഥിരം വരാന്‍ തുടങ്ങി. രാത്രികളിലും അവിടെ താമസിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് മരിച്ച് ദിവസങ്ങള്‍ തികയുന്നതിന് മുമ്പ് തന്നെ യുവതി അരുണിനൊപ്പം സന്തോഷവതിയായി തൊടുപുഴ പ്രദേശങ്ങളില്‍ കറങ്ങി നടന്നിരുന്നതായി നാട്ടുകാരും ഓര്‍മിക്കുന്നു. പിന്നീടായിരുന്നു ഇയാള്‍ക്കൊപ്പമുള്ള ഒളിച്ചോട്ടം.

സംശയങ്ങള്‍ നിരവധി

തന്നെ മാരകമായി അരുണ്‍ ഉപദ്രവിക്കാറുണ്ടെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്തുകൊണ്ടാണ് ഇത്രയും ഉപദ്രവം ഉണ്ടായിട്ടും യുവതി ഇയാളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കാതിരുന്നത്. യുവതി തന്നെവിട്ട് പോകില്ലെന്ന് അരുണിന് കൃത്യമായി അറിയാമായിരുന്നുവെന്ന് ഏഴുവയസുകാരന് മര്‍ദനമേല്ക്കുന്നതിന് ദിവസങ്ങള്‍ മുമ്പു നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.

മൂന്നാഴ്ച്ച മുമ്പ് ഒരുരാത്രിയില്‍ തൊടുപുഴയിലെ പാര്‍ക്കിനു സമീപം രാത്രി നടന്ന സംഭവം ഇത്തരമൊരു സംശയത്തിന് വഴിയൊരുക്കുന്നത്. റോഡുസൈഡില്‍ നിന്ന് അരുണ്‍ ആരോടോ ഫോണില്‍ തെറിവിളിക്കുന്നു. ഇളയകുട്ടി ഒപ്പമുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ ഇതേ യുവതി ഒരു കാറില്‍ ഇവിടെയെത്തി. അവിടെവച്ച് യുവതിയുടെ കരണത്തടിച്ച അരുണ്‍ പറഞ്ഞ വാക്കുകള്‍ക്ക് ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. അടികൊണ്ട യുവതി മറുത്തൊന്നും പറയാതെ അരുണിനെയും ഇളയകുട്ടിയേയുമായി കാറോടിച്ചു പോയി.

ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യങ്ങള്‍ അരുണിന് അറിയാമായിരുന്നോ? ഇതുപറഞ്ഞാണോ അരുണ്‍ ഈ യുവതിയെ നിലയ്ക്കു നിര്‍ത്തിയിരുന്നത്. ബിജുവിന്റെ മരണശേഷം അദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ പലതില്‍നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ചിട്ടുണ്ട്. കുട്ടികളുടെ പേരിലിട്ടിരുന്ന മൂന്നരലക്ഷത്തോളം രൂപയും ഇരുവരും ചേര്‍ന്ന് പിന്‍വലിച്ചു.

കൂടാതെ തൊടുപുഴ നഗരത്തിലെ ബിജുവിന്റെ വര്‍ക്ക്‌ഷോപ്പും ഇവര്‍ സ്വന്തമാക്കിയിരുന്നു. അരുണിന്റെ എല്ലാ നീക്കങ്ങള്‍ക്കും യുവതിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇപ്പോള്‍ അരുണ്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ഇയാളെ തള്ളിപ്പറഞ്ഞ് സ്വയം രക്ഷപ്പെടാനുള്ള നീക്കങ്ങളാണ് യുവതി നടത്തുന്നതെന്ന സംശയവും ബലപ്പെടുന്നുണ്ട്.

യാതൊരു ജോലിയും ഇല്ലാതിരുന്ന അരുണും യുവതിയും ധരിച്ചിരുന്നത് മുന്തിയ വസ്ത്രങ്ങളായിരുന്നു. കുമാരമംഗലത്തെ വാടകവീട്ടില്‍ നിന്ന് പകല്‍സമയങ്ങളില്‍ ഇവര്‍ പുറത്തുപോലും പോയിരുന്നില്ല. എന്നാല്‍ രാത്രിസമയങ്ങളില്‍, പലപ്പോഴും അര്‍ധരാത്രി 12 മണിക്കുശേഷം ഇരുവരും പുറത്തേക്ക് പോയിരുന്നു. തിരിച്ചെത്തുന്നത് പുലര്‍ച്ചെ സമയങ്ങളിലും. ഈ സമയം തങ്ങള്‍ ഭക്ഷണം കഴിക്കാനാണ് പോയിരുന്നതെന്നാണ് യുവതി പറയുന്നതെങ്കിലും അതത്ര വിശ്വസനീയമല്ല.

മറ്റൊരു സംഭവം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയതാണ്- തൊടുപുഴയിലെ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചപ്പോള്‍ പോലീസുകാര്‍ അവിടെ എത്തിയിരുന്നു. കുട്ടിയുടെ പരിക്കില്‍ സംശയം തോന്നിയ പോലീസുകാര്‍ യുവതിയോട് പലവിധ കാര്യങ്ങളും ചോദിച്ചു. വീട്ടുകാരെപ്പറ്റി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ യുവതി അവരോട് കയര്‍ത്തു സംസാരിച്ചു.

കുട്ടിയെ ആംബുലന്‍സില്‍ കോലഞ്ചേരിയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ കാറില്‍ പുറകെ വരാമെന്നാണ് അരുണ്‍ അറിയിച്ചത്. യുവതിക്കും ഇയാളോടൊപ്പം പോകാനാണ് താല്പര്യം ഉണ്ടായിരുന്നത്. മനസില്ലാമസനോടെ യുവതി അംബുലന്‍സില്‍ കയറ്റുകയും പോലീസിന്റെ നിര്‍ബന്ധത്താല്‍ അരുണ്‍ ആംബുലന്‍സിന്റെ മുന്നില്‍ കയറുകയുമായിരുന്നു.

ഭര്‍ത്താവ് ബിജു ജീവിച്ചിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ഫോണോ സിംകാര്‍ഡോ അല്ല യുവതി ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ഭര്‍ത്താവിന്റെ മരണശേഷം യുവതി ഫോണ്‍ ഉള്‍പ്പെടെ മാറിയത്? സംശയങ്ങള്‍ ഏറെയാണ്. രണ്ടുവര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിന്റെ മരണവുമായി ബിജുവിന്റെ മരണത്തിന് സാമ്യതയേറെയാണ്.

അന്നും സംശയകരമല്ലാത്ത സാദാ മരണമായിട്ടാണ് സാമിന്റെ വേര്‍പാടിനെ ബന്ധുക്കള്‍ ആദ്യം കണ്ടത്. പിന്നീടാണ് ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും കുടുങ്ങിയത്. ഈ കേസും അതേ വഴിക്കു തന്നെയാണ് പോകുന്നതെന്ന് കുമാരമംഗലത്തെയും നന്ദന്‍കോട്ടെയും പിന്നെ ഉടുമ്പന്നൂരിലെ യുവതിയുടെ വീടിനു സമീപത്തെയും നാട്ടുകാരുടെ പ്രതികരണങ്ങള്‍ വെളിവാക്കുന്നത്.

Related posts