സ്വന്തം ലേഖകൻ
തൃശൂർ: “ഒഡീസി നൃത്തം എന്റെ പ്രാണനാണ്. അത്രയേറെ ഞാൻ ആ കലയെ സ്നേഹിക്കുന്നു. മറ്റു നൃത്തരൂപങ്ങളെ അപേക്ഷിച്ച് ഒഡീസി ഒരു ഭാവഗീതമാണ്’. ഒഡീഷയിൽനിന്നുള്ള ഇരുപത്തിരണ്ടുകാരിയായ ഒഡീസി നർത്തകി പ്രാചി ഹോത്ത പറയുന്നു. “കൈ, കാൽ, മെയ്വഴക്കം വേണ്ട ഒഡീസി ഒരു കാവ്യാത്മക നൃത്തരൂപമാണ്. മറ്റു നൃത്തരൂപങ്ങളിൽനിന്ന് ഒഡീസിയെ വ്യത്യസ്തമാക്കുന്നതും ഈ പ്രത്യേകതയാണ്. പുരുഷ ഭാവമുള്ള താണ്ഡവവും സ്ത്രൈണഭാവമുള്ള ലാസ്യവും സമ്മേളിക്കുന്നതാണ് ഒഡീസി. റീജണൽ തിയേറ്ററിൽ ഒഡീസി നൃത്തം അവതരിപ്പിച്ച ഒഡീഷക്കാരി പറയുന്നു.
ഒഡീഷയിലെ ഒരു നദിയാണു പ്രാചിയെന്ന് പ്രാചിയുടെ മാതാപിതാക്കളായ ഉമേഷ് ഹോത്തയും സ്മിതയും പറയും. ആ നദി ഒഴുകുന്നുതുപോലെയാണ് ഒഡീസി നർത്തകി പ്രാചി ഹോത്ത. പുഴയൊഴുകുംപോലെ അരങ്ങിൽ ഒഴുകുന്ന ഒഡീസി നൃത്തം. ഒഡീസി നൃത്തരൂപത്തിന് പുതിയ മാനങ്ങൾ നല്കി, കൂടുതൽ പ്രചാരണം നല്കുക എന്നാണു തന്റെ ദൗത്യമെന്ന് ഈ യുവ നർത്തകി പറയുന്നു.
ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വിദേശത്തുമായി അനേകം അരങ്ങുകളിൽ കരഘോഷങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. രണ്ടു വർഷം മുന്പ് എറണാകുളത്ത് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.മൂന്നാം വയസിൽ തുടങ്ങിയതാണ് ഈ നൃത്തസപര്യ. ഒഡീഷയിലെ സന്പൽപൂരിലാണ് ജനനം. മാതാപിതാക്കൾക്കൊപ്പം ഡൽഹിയുടെ ഉപഗ്രഹ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഗുഡ്ഗാവിലാണു വളർന്നത്. വിശ്വപ്രസിദ്ധ ഒഡീസി നർത്തകി അർപ്പിതാ വെങ്കിടേഷാണ് പ്രാചിയെ നൃത്തലോകത്തിലേക്കു നയിച്ചത്.
ഒഡീസിയോടൊപ്പം രബീന്ദ്ര നൃത്തവും പഠിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് ഒരു കൈ നോക്കാനും പ്രാചി ശ്രമിക്കുന്നു. അഭിനയ രംഗത്തേക്കല്ല. കഥ, തിരക്കഥ രംഗത്തക്ക്. ഇപ്പോൾ കഥ, തിരക്കഥ രചനയിലാണ്. യുകെയിൽ ലണ്ടൻ ഫിലിം അക്കാദമിയിൽനിന്ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് ഫിലിം സ്കൂളിൽനിന്നു പരിശീലനം ലഭിച്ച കലാകാരിയാണ് പ്രാചി.ഒഡീസിയുമായായി ബന്ധപ്പെട്ടു ഒരു ഡോക്യുമെന്ററിക്ക് പ്രാചി തിരക്കഥ എഴുതിയിട്ടുണ്ട.് ആദി ഗുരു പങ്കജ് ചരണ് ദാസിനെക്കുറിച്ചായിരുന്നു ആ ഡോക്യുമെന്ററി.
മുംബൈ അഖില ഭാരതീയ ഗന്ധർവ മഹാ വിദ്യാലയ മണ്ഡലിൽനിന്ന് ഒഡീസിയിൽ നൃത്ത വിശാരദ് നേടിയ പ്രാചിക്കു 12-ാം വയസിൽ കേന്ദ്ര ഗവണ്മെന്റിന്റെ സിസിആർടി സ്കോളർഷിപ്പ് ലഭിച്ചു. 2009 – മുതൽ അത് ഇന്നും തുടരുന്നു. നിരവധി അവാർഡുകൾ വാരിക്കൂട്ടിയ പ്രാചിക്ക് നൃത്വവിദൂഷി, നാട്യഭ്രമരി തുടങ്ങിയ പട്ടങ്ങളും നേടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഹ്രസ്വചിത്ര നിർമാതാവും സംവിധായികയുമാണ് പ്രാചി ഹോത്ത.
“കേരളം എത്രയോ കലാസന്പന്നമാണ്. ഒഡീസി ഇഷ്ടപ്പെടുന്ന കലാസ്വാദകർ ഇവിടെയുണ്ട്. ഒഡീസിയെക്കുറിച്ചു ചോദിച്ചറിഞ്ഞു.’ പ്രാചി പറഞ്ഞു.”കേരളത്തിലെ പാലട പായസത്തിന്റെ രുചി നാവിൽനിന്നും ഓർമയിൽനിന്നും മായില്ലെ’ന്നു പറയാനും പ്രാചിക്കു മടിയില്ല.