തലശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്ത്തകന് അമ്പലക്കുളങ്ങര സ്വദേശി കെ.പി. രവീന്ദ്രനെ (47) കല്ലെറിഞ്ഞും അടിച്ചും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് മുമ്പാകെ പൂര്‍ത്തിയായി. പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസിന്റെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്.
വിചാരണയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികളേയും കോടതി മൂന്ന് ദിവസങ്ങളിലായി ചോദ്യം ചെയ്തു. കുറ്റം നിഷേധിച്ച പ്രതികള്‍ തങ്ങള്‍ നിരപരാധികളാണെന്ന് കോടതിയോട് പറഞ്ഞു. സംഘര്‍ഷത്തിനിടയിലെ കല്ലേറിലാണ് രവീന്ദ്രന് പരിക്കേല്‍ക്കുന്നതും തുടര്‍ന്ന് മരണമടയുന്നതും. സംഭവത്തില്‍ തങ്ങള്‍ക്കും പരിക്കേറ്റിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്തില്ല. ഇക്കാര്യം ബന്ധപ്പെട്ടവര്‍ മറച്ചു വെച്ചു. രാഷ്ട്രീയപ്രേരിതമായി തങ്ങളെ കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നുവെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു.
കേസില്‍ ഒന്നാം സാക്ഷിയായ ജയില്‍ വാര്ഡന് പ്രവീണിനെ നാളെ പ്രതിഭാഗം വിസ്തരിക്കും. ഇതിനു പുറമെ തിരുവന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനേയും പ്രതിഭാഗം വിസ്തരിക്കും. 2011 ല്‍ ഈ കേസ് കോടതി വിചാരണക്കായി പരിഗണിച്ചിരുന്നു.
അന്ന് മറ്റൊരു കേസില്‍ ആന്ധ്രപ്രദേശിലെ ഓംഗോള്‍ ജയിലില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന അഞ്ചാം പ്രതി ദിനേശന്, ബംഗളൂര് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന പതിമൂന്നാം പ്രതി ശ്രീലേഷ് എന്നിവരെ മതിയായ സംരക്ഷണം നല്കി ഹാജരാക്കാന്‍ വിചാരണ കോടതി കണ്ണൂര്‍ ജില്ലാ പോലസീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ഈ രണ്ട് പ്രതികളെ ഹാജരാക്കാനാവശ്യപ്പെട്ട് ആന്ധ്രയിലേയും ബംഗളൂരിലേയും ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കോടതി പല തവണ നോട്ടീസയച്ചെങ്കിലും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലെന്ന കാരണം പറഞ്ഞ് പ്രതികളെ ഹാജരാക്കിയിരുന്നില്ല. തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ കേസിന്റെ വിചാരണ നീണ്ടു പോകുകയായിരുന്നു.
ബിജെപി പ്രവര്‍ത്തകനായ നാദാപുരം അമ്പലക്കുളങ്ങരയിലെ കുമാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് രവീന്ദ്രന് കൊല്ലപ്പെട്ടത്. ഈ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്കിയ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു.
രവീന്ദ്രന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നും സാക്ഷികളെ വേണ്ട വിധത്തില്‍ ചോദ്യം ചെയ്തിട്ടില്ലെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പുനരന്വേഷണ ഹർജി പരഗണിക്കവെ കോടതിയിൽ പറഞ്ഞിരുന്നു. എന്നാല്‍ ഭരണ സ്വാധീനമുപയോഗിച്ച് കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കാനാണ് പുനരന്വേഷണമാവശ്യപ്പെട്ട് ഹർജി നല്‍കിയിട്ടുള്ളതെന്നായിരുന്നു പ്രതിഭാഗത്തിനു വേണ്ടി ഹാജറായ അഡ്വ.പി. പ്രേമരാജൻ വാദിച്ചിരുന്നത്.
2004 ഏപ്രില്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വിവിധ പ്രദേശങ്ങളില്‍ നിന്നും വിവിധ കേസുകളില്‍ പ്രതികളായി അന്ന് സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ എ.സി. പവിത്രന്, ഫല്ഗുണന്, രഘു, സനല്‍പ്രസാദ്, ടി.കെ. ദിനേശന്, കോട്ടക്ക ശശി, അനില്‍കുമാര്‍, തരിശിയില് സുനി, അശോകന്, റജുല്, അനീഷ്, രാഗേഷ്, ശ്രീലേഷ്, സാജു, സുജിത്ത്, പ്രജീഷ്, സുഭാഷ്, മനോജ്, സതീശ്,പ്രകാശന്,അരവിന്ദന്,രൂപേഷ്,കൊല്ലന് സശി,കെ.കെ ബിജു,കെ.പി മനോജന്,എം.സുരേന്ദ്രന്,കെ.രതീശന്, ടി.രാജീവന്, എ.സി അനീഷ്, മനു, കുനിയില്‍ ഷൈലേന്ദ്രന് എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം.കെ. ദിനേശനും പ്രതിഭാഗത്തിനു വേണ്ടി അഡ്വ.പിഎസ്. ശ്രീധരന് പിള്ള, അഡ്വ. പി .പ്രേമരാജനുമാണ് ഹാജരാകുന്നത്.