കോകില മുതല്‍ രഞ്ജിത്ത് വരെ ! സൈബര്‍ലോകത്തെ ആദ്യ സംഘ പോരാളിയായിരുന്ന രഞ്ജിത്ത് പിബിയുടെ മരണത്തിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംഘപരിവാര്‍ ഗ്രൂപ്പുകള്‍; പെരുമ്പാവൂര്‍-മുടിക്കല്‍-മാറമ്പിള്ളി- എച്ച്എംടി ഏരിയ ജിഹാദികളുടെ ഹബ്ബ് ?

സൈബര്‍ ലോകത്ത് സംഘപരിവാര്‍ പോരാളിയായിരുന്ന രഞ്ജിത്ത് പിബിയുടെ മരണത്തിനു പിന്നില്‍ ജിഹാദിഗ്രൂപ്പുകളെന്ന ആരോപണം സജീവമാക്കി സംഘപരിവാര്‍ ഗ്രൂപ്പുകള്‍. ആയുഷ് ശശിധരന്‍ എന്ന പരിവാറുകാരനാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാക്കിയിരിക്കുന്നത്. രഞ്ജിത്തിന്റെ മരണത്തിന് മുമ്പ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഐഡി റിപ്പോര്‍ട്ട് ചെയ്ത് പോസ്റ്റുകള്‍ ഇടാന്‍ കഴിയാത്തവിധം നിശ്ചലമാക്കിയിരുന്നു. ഇതിന് സമാനമായി തന്റെ ഫെയ്സ് ബുക്ക് ഐഡിയും പൂട്ടിച്ചെന്ന് പറഞ്ഞാണ് ആയുഷ് ശശിധരന്‍ രഞ്ജിത്തിന്റെ മരണത്തിലെ ദുരൂഹതകള്‍ തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നത്.

മുമ്പു രഞ്ജിത്തുമായി താന്‍ നടത്തിയ സംഭാഷണങ്ങളാണ് രഞ്ജിത്തിന്റെ മരണത്തില്‍ സംശയമുണ്ടാകാന്‍ കാരണമെന്നും ആയുഷ് പറയുന്നു. ഒരു രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയില്‍ 2009ലാണ് ഓണ്‍ലൈനില്‍ രഞ്ജിത് സജീവമാകുന്നത്. സംഘപരിവാര്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തകന്‍ ആകുന്നത് 2010ലും. ഓണ്‍ലൈന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഐക്യ ‘യുടെ 2017 ഓഗസ്റ്റില്‍ എറണാകുളത്തു നടന്ന മീറ്റിംഗിനിടെ ആയുഷ് ശശിധരനുമായി രഞ്ജിത് വിശദമായി സംസാരിച്ചിരുന്നു. അന്ന് രഞ്ജിത് പറഞ്ഞ കാര്യങ്ങളാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.

രഞ്ജിത്ത് ഏത് നിമിഷവും കൊല്ലപ്പെടുമെന്ന് ഭയന്നിരുന്നതായി ആയുഷ് പറയുന്നു. മീറ്റിംഗിനു ശേഷം ലോഡ്ജ് മുറിയില്‍ വച്ച് പല കാര്യങ്ങളും രഞ്ജിത്ത് പറഞ്ഞിരുന്നതായി ആയുഷ് പറയുന്നു. അവിവാഹിതനായി തുടര്‍ന്നതും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം എന്ന ഭയമുണ്ടായിരുന്നതു കൊണ്ടായിരുന്നുവെന്നും ആയുഷ് പറയുന്നു. നമ്മള്‍ കരുതുന്നത് പോലെ ജിഹാദികള്‍ കൂടുതല്‍ ആക്ടീവ് ആയിട്ടുള്ളത് മലപ്പുറത്തല്ല. ഞാന്‍ പെരുമ്പാവൂര്‍ ആണ് താമസം. പെരുമ്പാവൂര്‍ – മുടിക്കല്‍ – മാറമ്പിള്ളി – എച്ച് എംടി കൊച്ചിന്‍ ഏരിയ ആണ് ഇവരുടെ ഹബ്ബ്. തനിക്കെതിരേ പല തവണ വധ ശ്രമം നടന്നിട്ടുണ്ടെന്നും രഞ്ജിത് പറഞ്ഞിരുന്നു.

വീടിന്റെ അടുത്തു മാത്രമേ ബൈക്ക് ഉപയോഗിക്കുകയുള്ളൂവെന്നും ഏതുവിധേനയും അവന്മാര്‍ എന്നെ തട്ടുമെന്നും രഞ്ജിത്ത് പറഞ്ഞിരുന്നതായി ആയുഷ് പറയുന്നു. തന്റെയും അവസ്ഥ ഇതിനു സമാനമാണെന്ന് ആയുഷ് പറയുന്നു. ”എന്നെ രണ്ടു തവണ വധിക്കാന്‍ ശ്രമിച്ചുവെന്നും ബൈക്കില്‍ പോയ തന്നെ തട്ടിയിട്ടിട്ട് പോയി. വണ്ടി നമ്പര്‍ പോലും നോട്ട് ചെയ്യാന്‍ സാധിച്ചില്ല. രണ്ടും എറണാകുളം രജിസ്ട്രേഷന്‍ ആണെന്നു മാത്രം അറിയാം. അതിനു ശേഷം 2015- 2016 കാലയളവില്‍ എനിക്ക് കേരളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നുഅപ്പോള്‍ ഒരു കുഴപ്പവുമില്ലായിരുന്നു” ആയുഷ് പറയുന്നു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇതേ വരെ 25 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആണ് വിവിധ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് സംഘപരിവാര്‍ ഗ്രൂപ്പുകള് വിശദീകരിക്കുന്നു. ഇവരൊക്കെ നല്ല ജനസ്വാധീനം ഉള്ളവരും നാളെ നേതൃത്വനിരയിലേക്ക് വരേണ്ടവരുമാണ്. കൊല്ലം നഗരസഭാ കൗണ്‍സിലര്‍ ആയിരുന്ന കോകില മുതല്‍ രഞ്ജിത് വരെ ഇങ്ങനെ മരിച്ചവരാണ്.. കോമണ്‍ പാറ്റേണ്‍ എന്താണെന്നു വച്ചാല്‍, ഇവരുടെ എല്ലാവരുടെയും ഫേസ്ബുക്ക് ഐഡി റിപ്പോര്‍ട്ട് ചെയ്തു പൂട്ടിച്ച ശേഷം, 24 മണിക്കൂറിനുള്ളില്‍ ആണ് ഇവരെല്ലാം അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍, കേരളത്തിലെ ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ ഇതേ വരെ ശ്രദ്ധിച്ചിട്ടില്ലെന്നാണ് ആയുഷ് പറയുന്നത്.

കഴിഞ്ഞയാഴ്ച തന്റെ ഐഡിയും പൂട്ടിപ്പോയെന്നും താന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ഈശ്വരാധീനം കൊണ്ടു മാത്രമാണെന്നും ആയുഷ് പറയുന്നു.
അതിനിടെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിന്റെ അച്ഛന്‍ പെരുമ്പാവൂര്‍ പൊലീസിന് പരാതി നല്‍കി. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനാണ് രഞ്ജിത്തിന്റെ അച്ഛന്‍. അപകടമുണ്ടായ ദിവസം മകന്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും ആരോപിക്കുന്നു. സംഭവത്തില്‍ വ്യാപകമായി ദുരൂഹത ആരോപിക്കപ്പെട്ടതോടെ ബിജെപിയും സംഭവത്തില്‍ ഇടപെടാന്‍ തുടങ്ങി. സൈബര്‍ ലോകത്തെ ആദ്യ സംഘ പോരാളി എന്ന വിശേഷണവുമായാണ് രഞ്ജിത്തിന്റെ മരണം ചര്‍ച്ചയാകുന്നത്.

Related posts