പാലക്കാട്: മോശം പരാമർശം നടത്തിയ എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ആശയപരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. വിജയരാഘവന്റെ പരാമർശം വേദനിപ്പിച്ചെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞിരുന്ന നവോത്ഥാന മൂല്യം ഇതാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും രമ്യ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പൊന്നാനിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വൻഷനിലായിരുന്നു കണ്‍വീനർ വിവാദ പരാമർശം നടത്തിയത്.
ആലത്തൂരിലെ സ്ഥാനാർഥി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താവുമെന്നു താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം.