കൊടകര: തെരഞ്ഞെടുപ്പുകാലമായാൽ മറ്റത്തൂരിലെ മലയോരഗ്രാമമായ നായാട്ടുകുണ്ടിലെ ജനങ്ങൾക്ക് മുന്നണികളുടെ മുന്നിൽ വയ്ക്കാനുള്ളത് പട്ടയം വേണമെന്ന ആവശ്യമാണ്. ഓരോ തെരഞ്ഞെടുപ്പു വരുന്പോഴും ഇവർ ഈ ആവശ്യമുന്നയിക്കും. 2019ലെ ലോകസഭ തെരഞ്ഞെടുപ്പു കാലത്തും നായാട്ടുകുണ്ടുകാർക്ക് ആവശ്യപ്പെടാനുള്ളത് പട്ടയം തന്നെയാണ്.
മറ്റത്തൂർ പഞ്ചായത്തിന്റെ വടക്കുകിഴക്കേ കോണിലാണ് മലയോരഗ്രമമായ നായാട്ടുകുണ്ട് സ്ഥിതിചെയ്യുന്നത്. വെള്ളിക്കുളങ്ങരയിൽ നിന്നും നാലുകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. തോട്ടം തൊഴിലാളികുടംബങ്ങൾക്ക് ഭൂരിപക്ഷമുള്ള നായാട്ടുകുണ്ടിൽ ഇരുന്നൂറോളം കുടുംബങ്ങളാണുള്ളത്. ഇവരിൽ മിക്കവരും 45 വർഷത്തിലധികമായി ഇവിടെ താമസിച്ചു വരുന്നവരാണ്.
ആർക്കും തന്നെ ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് വിവിധ മുന്നണികൾ പട്ടയം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും പിന്നീട് ഇക്കാര്യം വിസ്മരിക്കുകയാണ് പതിവെന്ന പ്രദേശവാസികൾ പറയുന്നു നേരത്തെ സഞ്ചാരയോഗ്യമായ റോഡുകൾ പോലും ഈ ഗ്രാമത്തിലേക്കുണ്ടായിരുന്നില്ല.
പിന്നീട് വെള്ളിക്കുളങ്ങരയിൽ നിന്ന് നായാട്ടുകുണ്ടിലേക്ക് ടാറിംഗ് റോഡു നിർമിക്കുകയും വൈകാതെ ബസ് സർവീസ് ആരംഭിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സഠക് യോജനയിലുൾപ്പെടുത്തി മൂന്നുവർഷം മുന്പ് കിഴക്കേ കോടാലിയിൽ നിന്ന് അന്പനോളി വഴി നായാട്ടുകുണ്ടിലേക്ക് പുതിയ റോഡുവന്നതോടെ നായാട്ടുകുണ്ടുനിവാസികളുടെ യാത്രാ ദുരിതം പരിഹരിക്കപ്പെട്ടു.
എന്നാൽ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാനുള്ള പട്ടയംഇപ്പോഴും ഇവർക്ക് സ്വപ്നമാണ്. ഹാരിസണ് മലയാളം പ്ലാന്റേഷനും വനംവകുപ്പിൻറെ തേക്കു തോട്ടവും അതിരിടുന്ന നായാട്ടുകുണ്ട് പ്രദേശത്തുള്ളവർ്് പട്ടയത്തിനായി മുറവിളി തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ജനങ്ങളുടെ മുറവിളിയെ തുടർന്ന്്് നായാട്ടുകുണ്ടിലെ കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള പ്രാരംഭനടപടികൾ സർക്കാർ വർഷങ്ങൾക്കു മുന്പേ തുടങ്ങിവെച്ചിരുന്നു.
ഇതനുസരിച്ച് സംസ്ഥാന വനം വകുപ്പും റവന്യു വകുപ്പും സംയുക്തമായി സർവേ നടത്തി ജോയിന്റ് വേരിഫിക്കേഷൻ റിപ്പോർട്ട് തയാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ 1977ന് ശേഷം നായാട്ടുകുണ്ടിൽ താമസമാക്കിയവരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അത് ഒഴിവാക്കി കൊണ്ടുള്ള പുതിയ റിപ്പോർട്ട് വേണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം ജെ.വി.ആർ. മടക്കി അയക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ ഇടപെട്ട് ഇവർക്ക് പട്ടയം അനുവദിപ്പിക്കാനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ടെങ്കിലും ഇനിയും പട്ടയം അനുവദിച്ചു കിട്ടിയിട്ടില്ല. 1977 ജനുവരി ഒന്നിനു മുന്പ് വനഭൂമി കൈവശപ്പെടുത്തിയവർക്കെല്ലാം പട്ടയം കൊടുക്കാനുള്ള അനുമതി നിലനിൽക്കുന്പോഴും അരനൂറ്റാണ്ടോളമായി ഇവിടെ താമസിക്കുന്നവരുടെ പട്ടയമോഹങ്ങൾ ഇപ്പോഴും ബാക്കിയാവുകയാണ്.