കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ മത്സരിച്ച് ദേശീയശ്രദ്ധനേടാമെന്ന ബിജെപി സംസ്ഥാന നേതാക്കളുടെ മോഹം തല്ലിക്കെടുത്തി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അമിത്ഷായുടെ നേരിട്ടുള്ള ഇടപെടലില്‍ ആണ് തുഷാര്‍ വയനാട്ടില്‍ സീറ്റ് ഉറപ്പിച്ചത്. ഇതോടെ തുഷാര്‍ വെള്ളാപ്പാള്ളി എന്ന പേര് ഇനി കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല.
തൃശൂരില്‍ മത്സരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് വയനാട്ടില്‍ ‘ഭാവി പ്രധാനമന്ത്രി’ക്കെതിരേ മത്സരിക്കുന്നതു തന്നെയാണെന്ന് അതുകൊണ്ടുതന്നെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തീരുമാനിച്ചു. അതേസമയം തോറ്റാലും രാജ്യസഭാ എംപി ആക്കാമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ തുഷാറിന് ലഭിച്ചിട്ടുണ്ട്. ഇത് ബിജെപി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
തുഷാറിനെ വയനാട്ടില്‍ നിന്നുംവെട്ടാനാണ് സുരേഷ്ഗോപി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നേതാക്കള്‍ ചര്‍ച്ചയാക്കിയതും. എന്നാല്‍ വയനാട്ടില്‍ തുഷാര്‍ തന്നെമതിയെന്ന് അമിത് ഷാ തീരുമാനിക്കുകയായിരുന്നു. രാഹുല്‍ മത്സരിക്കുമെന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ തുഷാര്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് അമിത് ഷാര് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ താന്‍ മത്സരിക്കണമെങ്കിലുള്ള ഡിമാന്‍ഡ് തുഷാര്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ചിരുന്നു.
ഇത് പൂര്‍ണമായും കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. നിലവില്‍ ശക്തമായ വിഭാഗീയതയും അടിവലിയും നടക്കുന്ന ബിജെപി നേതാക്കളെക്കാള്‍ തുഷാറിനെ അമിത് ഷാ വിശ്വാസത്തിലെടുക്കുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയ അമിത് ഷാ സഖ്യക്ഷിയായ ബിഡിജെഎസ് അധ്യക്ഷനെ സ്ഥാനാര്‍ഥിയാക്കാന്‍ നിശ്ചയിക്കുകയായിരുന്നു.
നിലവില്‍ തുഷാര്‍ വയനാട്ടില്‍ മത്സരിക്കുന്നതിനോട് പിതാവ് വെള്ളാപ്പള്ളി നടേശനും സമ്മതമാണെന്നറിയുന്നു. ‘സേഫ് ഗെയിം’ ആണ് ഇതെന്നാണ് അദ്ദേഹം മറ്റ് നേതാക്കളോട് ഇതിനെ കുറിച്ച് പ്രതികരിച്ചതെന്നറിയുന്നു. രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞാല്‍പോലും അത് ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടും.
രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി ആര് എന്നത് ദേശീയ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്യും. സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ളവരുടെ റേഞ്ചിലേക്കാണ് തുഷാര്‍ എത്തപ്പെടുക. ഈ സാഹചര്യം ഭാവിയില്‍ ബിഡിജെഎസിന് ഗുണകരമാകുമെന്ന ഉറപ്പാണ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്. തൃശൂരില്‍ സ്ഥാനാര്‍ഥി ആര് എന്ന ചോദ്യം ബിജെപിയില്‍ അടുത്ത കലാപക്കൊടി ഉയര്‍ത്തും മുന്‍പുതന്നെ വയനാട്ടില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന് ഒരുങ്ങുകയാണ് തുഷാര്‍.
അതേസമയം തുഷാറിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കിയതോടെ തങ്ങളെ നോക്കുകുത്തിയാക്കി എന്ന പരാതിയുമായി സംസ്ഥാന നേതൃത്വത്തിന് ഇന്‍ ഗാലറിയില്‍ ഇരുന്ന കളികാണുകയും ചെയ്യാം. എന്‍ഡിഎ ദേശീയ നേതാക്കളെല്ലാം വയനാട്ടില്‍ തുഷാറിനായി പ്രചാരണത്തിനെത്തും.