പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കുമെന്ന മുന്നറിയിപ്പ്. ഇതേത്തുടർന്നു നിലവിൽ നൽകിയിട്ടുള്ള സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പുകൾ ഏതാനും ദിവസങ്ങൾ കൂടി തുടരാൻ തീരുമാനം.
രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കൈയിൽ കരുതണം. രോഗങ്ങൾ ഉള്ളവർ 11 മുതൽ മൂന്ന് വരെ എങ്കിലും സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം.
പരമാവധി ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. അയഞ്ഞ ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കണം. വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 മുതൽ മൂന്ന് വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്ത.
അതീവ ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്. തൊഴിൽ സമയം പുനഃക്രമീകരിച്ചു വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്ന തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ നൽകിയിട്ടുള്ള ഉത്തരവ് പാലിക്കണം.
അങ്കണവാടികൾക്ക് 10 വരെ അവധി
പത്തനംതിട്ട: സൂര്യാതപം കണക്കിലെടുത്ത് ജില്ലയിലെ 1389 അങ്കണവാടി സെന്ററുകളിലെ പ്രീ സ്കൂൾ കുട്ടികൾക്ക് 10 വരെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങളുടെ വിതരണം ഉണ്ടാകുമെന്നും കളക്ടർ അറിയിച്ചു.