കൊച്ചി: തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ക്രൂരമർദനമേറ്റ ഏഴ് വയസുകാരന്റെ നില അതീവ ഗുരുതരമായിതന്നെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിപ്പോരുന്ന കുട്ടിക്ക് ചികിത്സ തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
കുട്ടി ന്യൂറോ ഐസിയുവിൽ വെന്റിലേറ്ററിൽതന്നെ തുടരുകയാണ്. ഡോക്ടർമാരടങ്ങുന്ന സംഘം മുഴുവൻ സമയവും ആരോഗ്യനില സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണെങ്കിലും മറ്റ് അവയവങ്ങൾ പ്രവർത്തിക്കുന്നതിനെത്തുടർന്നാണ് ചികിത്സ തുടരുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.