തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും പ്രചരിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നവർക്കെതിരേയുള്ള ഓപ്പറേഷൻ പി.ഹണ്ട് ഇന്നും തുടരുമെന്ന് ദക്ഷിണമേഖല എഡിജിപി. മനോജ് എബ്രഹാം വ്യക്തമാക്കി. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ടുകൾ നിരീക്ഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ ഇന്നലെ 21 പേരെ അറസ്റ്റ് ചെയ്തു. 12 ജില്ലകളിൽ 45 സ്ഥലങ്ങളിലായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. 29 സ്ഥലങ്ങളിൽ നിന്നും ലാപ്ടോപ്പ്, മൊബൈൽ ഫോണ്, ഹാർഡ് ഡിസ്ക്, യുഎസ്ബി ഡ്രൈവ് എന്നിവ പിടിച്ചെടുത്തിരുന്നു.