കൽപ്പറ്റ: രൂപീകരണത്തിനുശേഷമുള്ള മൂന്നാമത് ലോക്സഭാ തെരഞ്ഞെടുപ്പിനു ഒരുങ്ങുന്ന വയനാട് പാർലമെന്റ് മണ്ഡലത്തിൽ മുഖ്യ തെരഞ്ഞെടുപ്പു വിഷയം എഐസിസി അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം. വികസന വിഷയങ്ങൾക്കുപരി രാഹുൽഗാന്ധി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതുകൊണ്ടു ചുരത്തിനു മുകളിലും താഴെയുമായി കിടക്കുന്ന വയനാട് മണ്ഡലത്തിനു എന്തു ഗുണം എന്ന ചോദ്യം സമ്മതിദായകർക്കുമുന്നിൽ വയ്ക്കാനാണ് ഇടതുമുന്നണിയുടെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും പദ്ധതി.
സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി. സുനീറാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎയ് ക്കുവേണ്ടി ബിഡിജഐസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് അങ്കത്തിനിറങ്ങുന്നത്. തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കുന്ന രണ്ടാം മണ്ഡലമാണ് വയനാട്. തന്റെ കർമഭൂമിയെന്നു രാഹുൽ സ്വയം വിശേഷിപ്പിക്കുന്ന അമേഠിയാണ് അദ്ദേഹം ജനവിധി തേടുന്ന മറ്റൊരു മണ്ഡലം.
ഒരേസമയം രണ്ടു മണ്ഡലങ്ങളിലും വിജയിക്കുന്ന പക്ഷം രാഹുൽ വയനാടിനെ കൈവിടുമെന്നും ഇതു രാജ്യം ഒരു ഉപതെരഞ്ഞെടുപ്പു ചെലവ് അധികം വഹിക്കാൻ കാരണമാകുമെന്നും വോട്ടർമാരെ ബോധ്യപ്പെടുത്താനാണ് എൽഡിഎഫ് തീരുമാനം. എൻഡിഎ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയാണ് എത്തുന്നതെങ്കിലും വയനാട്ടിലേത് ത്രികോണ മത്സരമായിരിക്കില്ലെന്ന നിഗമനത്തിലാണ് ഇടതുവലതു മുന്നണികൾ. ബിജെപിക്കും ബിഡിജഐസിനും ആഴത്തിൽ വേരോട്ടമുള്ള മണ്ഡലമല്ല വയനാട്.
ഒരു ലക്ഷത്തിലധികം വോട്ട് തുഷാറിനു ലഭിക്കില്ലെന്നാണ് എൽഡിഎഫ് – യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടൽ. ഏകദേശം 13.5 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിൽ. രാഹുൽഗാന്ധിയെ എതിരിട്ട എൻഡിഎ സ്ഥാനാർഥി എന്ന പേരിനപ്പുറം ഒരു മത്സരഗുണവും തുഷാറിനു ലഭിക്കാനില്ലെന്നും അവർ പറയുന്നു.
രാഹുൽഗാന്ധി മത്സരിക്കുന്നതിനാൽ മണ്ഡലത്തിൽ കോണ്ഗ്രസ് ഗ്രൂപ്പുകളുടെ പേരിൽ അടിവലികൾ ഉണ്ടാകില്ല. അതിനാൽ കുറഞ്ഞതു മൂന്നു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിനു ലഭിക്കുമെന്നാണ് ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ അനുമാനം. മണ്ഡലം രൂപീകരണത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എം.ഐ. ഷാനവാസിനു ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.
മുന്നണികളിലെ പാർട്ടി അംഗങ്ങൾ അല്ലാത്തവരുടെ വോട്ടുകൾ കൈപ്പത്തി അടയാളത്തിലേക്കു കുത്തിയൊലിക്കുന്നതു ഒഴിവാക്കാനുള്ള തന്ത്രങ്ങളാണ് സിപിഎം സിപിഐ ബുദ്ധികേന്ദ്രങ്ങൾ മെനയുന്നത്. രാഹുൽഗാന്ധി വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് കോണ്ഗ്രസ് നേതാക്കളിൽനിന്നു ലഭിക്കുന്ന വിവരം. തുഷാർ വെള്ളാപ്പള്ളി ഇന്നു പത്രിക സമർപ്പിച്ചേക്കും.
രാഹുൽ ഗാന്ധിയുടെ പത്രികാസമർപ്പണത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ ഇന്നു കൽപ്പറ്റയിലെത്തും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നു കൽപ്പറ്റയിൽ പാർട്ടി പരിപാടിക്കെത്തുന്നുണ്ട്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡി. രാജ നാളെ വയനാട്ടിൽ ഉണ്ടാകും.